മങ്കട: മങ്കടയില്‍ മലബാര്‍ സമരത്തില്‍ ബ്രിട്ടീഷുകാരുടെ തോക്കിനിരയായവരുടെ ചരിത്രം ഒരുനൂറ്റാണ്ടു കഴിയുമ്പോഴും അവഗണനയില്‍. ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് 15 പേര് രക്തസാക്ഷികളായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് ഈ രംഗത്ത് പഠനം നടത്തുന്നവര്‍ പറയുന്നത്. ഇവരില്‍ തന്നെ 10 ആളുകളുടെ പേരുകള്‍ മാത്രമാണ് ലഭ്യമായത്. ഇവരില്‍ അഞ്ചാളുകളുടെ പേരുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതും.
വെള്ളില യു.കെ പടിയില്‍ ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് കൊന്ന് തീയിട്ട അഞ്ചു രക്തസാക്ഷികളുടെയും കടന്നമണ്ണ മഞ്ചേരിതോട് പ്രദേശത്ത് മറവു ചെയ്യപ്പെട്ടവരുടെയും ഖബറിടങ്ങള്‍ അവഗണനയില്‍ കിടക്കുകയാണ്. കട്ക്ക സിറ്റിയിലെ ഗൂര്‍ഖ ക്യാമ്പ് ആക്രമിച്ചശേഷം യു.കെ പടിയില്‍ ഒളിച്ച ഖിലാഫത്ത് പോരാളികളില്‍ അഞ്ചുപേരെ കളത്തില്‍ തൊടികയില്വെച്ച് പട്ടാളം വെടിവെച്ചു കൊന്നു എന്നും അരിശം തീരാതെ മൃതദേഹം കത്തിച്ചു കളഞ്ഞു എന്നുമാണ് ചരിത്രം.
അപ്പംകുളയന് മൊയ്തീന്, ചേലക്കര വീരാന്‍ കുട്ടി, തലാപ്പില്‍ കുരിക്കള്‍ കുടുംബത്തില്‍പെട്ട ഒരാള്‍, പ്രദേശത്തെ മറ്റു രണ്ടു പേര് എന്നിവരെയാണ് ബ്രീട്ടീഷ് പട്ടാളം ചുട്ടെരിച്ചത്. കടന്നമണ്ണ മഞ്ചേരിതോട് പ്രദേശത്ത് വയലില്‍ വെച്ച് വെള്ളപ്പട്ടാളത്തിെൻറ വെടിയേറ്റ് മരിച്ച നരിക്കുന്നന്‍ സഹോദരങ്ങളായ സൈതാലി, അയമുട്ടി, മോയീന്‍ എന്നിവരെ മഞ്ചേരിതോട് പ്രദേശത്തുതന്നെയാണ് മറവു ചെയ്തിട്ടുള്ളത്.
വെള്ളപ്പട്ടാളം ആയിരനാഴി കോവിലകത്തേക്ക് പോകുന്ന വഴിയാണ് കടന്നമണ്ണ മഞ്ചേരിതോട് ഭാഗത്ത് വയലില്‍ വെള്ളം തേവുകയായിരുന്ന നരിക്കുന്നന്‍ സഹോദരങ്ങളെ വെടിവെച്ചതെന്ന് ഇവരുടെ സഹോദരി പുത്രനായ പരേതനായ നരിക്കുന്നന്‍ അയമുട്ടിയുടെ മൊഴിയുണ്ട്. പന്തലൂര്‍ മലയില്‍ തമ്പടിച്ച് ഒളിപ്പോര് നടത്തിയിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അനുയായികളെന്ന സംശയത്തില്‍ യു.കെ പടിയില്‍ 14 പേരെ ഗൂര്‍ഖ പട്ടാളം വെടിവെച്ചുകൊന്നതായും പറയപ്പെടുന്നു. വെടിയേറ്റ് മരിച്ച അഞ്ചുപേര്‍ക്കായി മങ്കട ഗ്രാമപഞ്ചായത്ത് പണിത ഒരു സ്മാരകം മാത്രമാണ് നിലവിലുള്ളത്.
പുത്തന്‍ വീട്ടില്‍ പ്രദേശത്തെ ചാളക്കതൊടി, മാരാതൊടി, എന്നീ കുടുംബങ്ങളില്‍പെട്ട മൊയ്തീന്‍കുട്ടി, മരക്കാർ എളാപ്പ, അസ്സന്‍മോയു, കുഞ്ഞിപ്പോക്കര്, മരക്കാര്‍ എന്നിവരുടെ പേരിലാണ് സ്മാരകം. മങ്കട പഞ്ചായത്തില്‍പെട്ട മറ്റു രക്തസാക്ഷികള്‍ക്ക് കൂടി സ്മാരകം നിര്‍മിക്കണമെന്നാണ് ആവശ്യം.
യു.കെ പടിയില്‍ വെടിയേറ്റു മരിച്ച് കളത്തില്‍ തൊടികയിൽ ഖബറടക്കിയ അഞ്ചുപേരും കടന്നമണ്ണ ജുമാമസ്ജിദില്‍ ഖബറടക്കിയ കൂരിപ്പാറ ഹസന് കുട്ടി, ചേരിയം പ്രദേശത്തുതന്നെ മറവു ചെയ്യപ്പെട്ട കോരിയാട്ടില്‍ കുഞ്ഞിമൊയ്തു തുടങ്ങി പഴമക്കാരുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന രക്തസാക്ഷികള്‍ പുതുതലമുറക്ക് അന്യരാണ്. കര്‍ഷകനായിരുന്ന ഹസന്‍കുട്ടി നടന്നുപോകുന്ന വഴിയാണ് പട്ടാളം വെടിവെച്ചത്. അദ്ദേഹത്തോടൊപ്പം ഒരുകുട്ടിയും വെടിവെപ്പില്‍ മരിച്ചതായി പഴമക്കാര്‍ പറയുന്നു. ചേരിയത്ത് മുളവെട്ടാന്‍ മൂര്‍ച്ചകൂട്ടിയ മടവാളുമായി പോകുന്ന മാപ്പിളമാരെ മങ്കട കോവിലകത്തുനിന്ന് ബൈനോക്കുലറിലൂടെ കണ്ട് സായുധരായ വിപ്ലവകാരികളാണെന്ന് ധരിച്ച് ഓടിച്ചെന്ന പട്ടാളം അവരെ കാണാതെ തിരിച്ചുവരുമ്പോള്‍ വഴിയില്‍കണ്ട നെല്ലേങ്ങര ഉണ്ണീന്‍ സാഹിബിനുനേരെ തോക്ക് ചൂണ്ടി.
തെൻറ കൈയിലുണ്ടായിരുന്ന പാസ് ഉയര്ത്തികാണിച്ചെങ്കിലും കൈക്ക് വെടിയേറ്റു. വഴിയരികില്‍ നില്‍ക്കുകയായിരുന്ന കോരിയാട്ടില്‍ കുഞ്ഞിമൊയ്തു പട്ടാളത്തിെൻറ വെടിയേറ്റ് തല്‍ക്ഷണം മരിച്ചു. മലബാര്‍ സമരത്തിന് 100 വയസ്സ് തികയുമ്പോഴും ചരിത്രത്തില്‍ ഇവരുടെ പേരുകള്‍ സ്ഥാനം പിടിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.