മങ്കട: തങ്ങളുടെ നഷ്ടപ്രതാപങ്ങൾ തിരിച്ചുപിടിക്കാനൊരുങ്ങി ചേരിയം മലയിലെ ആദിവാസികൾ വീണ്ടും കള്ളിക്കൽ കോളനിയിലേക്ക്. 2015ൽ വെട്ടിലാലയിൽ ഇവർക്ക് എസ്റ്റേറ്റ് ഉടമ അനുവദിച്ച സ്ഥലത്ത് വീട് വെച്ച് താമസം മാറിയതിനെ തുടർന്ന് ദുരിതങ്ങൾ ഒന്നൊന്നായി ഒഴിയാതെ പിന്തുടരുന്നു എന്നാണ് ഇവർ പറയുന്നത്.
മിനി എന്ന മധ്യവയസ്കയുടെ പെട്ടെന്നുള്ള മരണം, വേലായുധെൻറ കാഴ്ച നഷ്ടപ്പെടൽ, 18കാരി റീത്തയുടെ വൃക്ക രോഗം, രണ്ടു വിദ്യാർഥികളുടെ മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ ആരാധനാമൂർത്തികളുടെ കോപത്താലാണെന്നാണ് ഇവരുടെ വിശ്വാസം. കള്ളിക്കൽ കോളനിയിലെ പാറമടയിൽനിന്ന് മാറിയതോടെ അവിടെയുണ്ടായിരുന്ന ആരാധനാമൂർത്തികളും പാലമരവും നശിപ്പിക്കപ്പെട്ടതിനാലാണ് വലിയ ദുരിതങ്ങൾ വന്നുഭവിക്കുന്നതെന്ന് മൂപ്പെൻറ മുന്നറിയിപ്പുണ്ടായെന്നും ഇവർ പറയുന്നു.
ഇത് പരിഹരിക്കാൻ കഴിഞ്ഞദിവസം ഇവർ പഴയ താമസസ്ഥലമായ കള്ളിക്കൽ കോളനിയിലെത്തി കാടുവെട്ടി തെളിച്ച് ആരാധനമൂർത്തികളെ പ്രതിഷ്ഠിച്ച് പൂജ നടത്തി. തങ്ങൾക്ക് നഷ്ടപ്പെട്ട പൈതൃകങ്ങൾ തിരിച്ചുകിട്ടുന്നതിനും ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ശ്മശാനവും കൃഷിയും സംരക്ഷിക്കുന്നതിനും വേണ്ട നിയമനടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും രാമൻ, മീനാക്ഷി, വേലായുധൻ തുടങ്ങിയ ആദിവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.