മേലാറ്റൂർ: ആറുപതിറ്റാണ്ട് മുമ്പുള്ള നാടിന്റെയും വീടിന്റെയും ഓർമകളൊരായിരം കടന്നുവരുന്നുണ്ട് അബൂബക്കറിന്റെ മനസ്സിനുള്ളിൽ. 25ാം വയസ്സിൽ വീടുവിട്ടിറങ്ങി വർഷങ്ങൾ പലതുകഴിഞ്ഞ് വാർധക്യകാലത്ത് കൂടപ്പിറപ്പുകളെ നേരിൽ കാണാനാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല അദ്ദേഹം. മേലാറ്റൂർ കിഴക്കുംപാടം പാതിരിക്കോട് അമ്പലത്തൊടിക വീട്ടിൽ അബൂബക്കറാണ് (86) വർഷങ്ങൾക്കിപ്പുറം വീടണഞ്ഞത്. കർണാടകയിലെ ബൽഗാവിയ ജില്ലയിൽ കിറ്റൂരിൽ സ്ഥിരതാമസമാക്കിയ അബൂബക്കർ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സകുടുംബം മേലാറ്റൂരിലെ വീട്ടിലെത്തിയത്. ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളുമുൾപ്പെടെ 15 പേരാണ് എത്തിയത്. ചെറുപ്പത്തിൽ ഒരുതവണ നാട് വിട്ടുപോയെങ്കിലും അബൂബക്കർ തിരികെ വന്നിരുന്നു. രണ്ടാമത് പോകുമ്പോൾ തിരികെയെത്തുമെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും 61 വർഷങ്ങൾക്കിപ്പുറമാണ് നാടെത്തിയത്.
അന്ന് ആദ്യം പോയത് വയനാട്, കൊടുക് എന്നിവിടങ്ങളിലായിരുന്നു. അവിടുന്ന് കിറ്റൂരിലേക്ക് കോൺട്രാക്ടറായി ജോലിക്ക് പോയി. പിന്നീട് വിവാഹം ചെയ്ത് വീടുവെച്ച് അവിടെ താമസമാക്കി. അബൂബക്കറിന്റെ പേരക്കുട്ടി വഴിയാണ് പാതിരിക്കോടുള്ള ബന്ധുക്കളുമായി ആശയവിനിമയം നടത്തിയത്.
കർണാടകയിൽ മാധ്യമപ്രവർത്തകനായ പേരക്കുട്ടി അബ്ബാസ് അലി ഗൂഗ്ളിൽ സ്ഥലപ്പേര് തിരയുകയും നാട്ടിലെ എൻ.ടി ബേക്കറി എന്ന ബോർഡിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുകയുമായിരുന്നു. വീട്ടുപേര് പറഞ്ഞതോടെ ബേക്കറി ഉടമയായ അലി നാട്ടിലെ ബന്ധുക്കൾക്ക് ഫോൺ നമ്പർ കൈമാറി. അബൂബക്കറിന്റെ അനുജന്റെ മകൻ സാജിദ്, അബ്ബാസ് അലിയുമായി സംസാരിച്ചു. തുടർന്ന് ബന്ധുക്കൾ കർണാടകയിലേക്ക് തിരിക്കുകയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു. എട്ട് സഹോദരങ്ങളാണ് അബൂബക്കറിനുള്ളത്. ഇതിൽ ഒരാൾ മരിച്ചു. മകൻ കൈവിട്ടുപോയ വിഷമം പേറി നടന്ന ഉപ്പ മമ്മദും ഉമ്മ കുഞ്ഞീരുമ്മയും ഇതിനകം ലോകത്തോട് വിട പറഞ്ഞു. അറ്റുപോയെന്ന് കരുതിയ ബന്ധത്തിന്റെ കൂടിച്ചേരലിന് സാക്ഷികളാകാൻ നിരവധി പേരാണ് കഴിഞ്ഞദിവസം പാതിരിക്കോടുള്ള വീട്ടിലെത്തിയത്. അടുത്ത ബുധനാഴ്ച ഇവർ കർണാടകയിലേക്ക് തിരിച്ചു പോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.