മേലാറ്റൂർ: ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മേലാറ്റൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ വിവിധ ലഹരിമരുന്നുകളുമായി യുവാവ് പിടിയിൽ. തച്ചിങ്ങനാടം ഒറവുംപുറം മദ്രസപ്പടി സ്വദേശി കിഴക്കുംപറമ്പന്‍ വീട്ടിൽ മുഹമ്മദ് നിഷാമിനെയാണ് (26) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പാണ്ടിക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ, കഞ്ചാവ് എന്നിവ വില്പന നടത്തുന്ന പ്രധാനകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 24.10 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലുമായി അരിക്കണ്ടംപാക്ക് ചെമ്മന്തട്ടയിൽവെച്ച് മേലാറ്റൂര്‍ സി.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. 4100 രൂപ, ബൊലോറൊ ജീപ്പ്, മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തു.
ജില്ലയില്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ സംഘത്തിലെ കണ്ണികളെകുറിച്ച് ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.കെ. സജീവിന്റെ നേതൃത്വത്തിലാണ് ഓപറേഷൻ നടന്നത്. ബൊലേറോ ജീപ്പില്‍ വില്പനക്കായി ചെറിയ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു ലഹരിമരുന്ന്. പെരുന്നാള്‍ ലക്ഷ്യംവെച്ച് ബംഗളൂരുവില്‍നിന്ന് വില്പനക്കായി കൊണ്ടുവന്നതാണെന്നാണ് പറയു
ന്നത്.
നിഷാമിന്റെ പേരില്‍ മേലാറ്റൂര്‍ സ്റ്റേഷനില്‍ കൊലപാതകക്കേസും പാണ്ടിക്കാട് സ്റ്റേഷനില്‍ എൻ.ഡി.പി.എസ് കേസും നിലവിലുണ്ട്. എസ്.സി.പി.ഒമാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, ഗോപാലകൃഷ്ണന്, ചന്ദ്രദാസ്, പ്രിയജിത്ത് എന്നിവരും ജില്ല ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.