വള്ളിക്കുന്ന്: ദേശീയപാത സർവിസ് റോഡിലൂടെ ഓടാത്ത ബസുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനത്തിന് പുല്ലുവില കൽപിച്ച് ബസ് ജീവനക്കാർ. ബസ് കയറാൻ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ തൂണിൽ ഞാണിന്മേൽകളി നടത്തേണ്ട അവസ്ഥയാണ്.
സർവിസ് റോഡ് സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും തീർത്തും ഉപേക്ഷിച്ചതോടെയാണ് യാത്രക്കാർ ജീവൻ പണയം വെച്ച് യാത്ര ചെയ്യുന്നത്. പുതുതായി നിർമിച്ച ദേശീയ പാതയിലൂടെ ബസുകൾ സർവിസ് നടത്താൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. സ്കൂൾ, കോളജ് വിദ്യാർഥികൾ, ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക് ദുരിതമായി തീർന്നിരിക്കുകയാണ് ബസ് യാത്ര. തൃശൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന യാത്രക്കാരെ ബസ് ജീവനക്കാർ ഇടിമുഴിക്കലിലെ പുതിയപാതയിൽ ഇറക്കിവിടുകയാണ്.
ഇവിടെനിന്ന് ബാരിക്കേഡിന്റെ ഇടയിൽ സ്ഥാപിച്ച കൂറ്റൻ ഇലക്ട്രോണിക് ബോർഡിന്റെ ഇരുമ്പ് തൂണുകൾക്കിടയിലൂടെ അതിസാഹസികമായാണ് യാത്ര ചെയ്യുന്നത്. ബസ് ഇറങ്ങി ആദ്യം സർവിസ് റോഡിൽ എത്തി മാത്രമേ വീടുകളിലേക്കും ലക്ഷ്യ സ്ഥാനത്തേക്കും പോവാൻ കഴിയൂ. തിരിച്ചും ബസ് കയറാൻ ഇതേ സ്ഥിതിയാണ്. എന്നാൽ ഇതിന് പ്രത്യേക സൗകര്യമൊന്നും ദേശീയപാത അധികൃതർ ഒരുക്കിയിട്ടില്ല.
നാട്ടുകാരുടെ ദുരിതം കണ്ടിട്ടും അനക്കമില്ലാതെ ഇരിക്കുകയാണ് അധികൃതർ. നേരം ഇരുട്ടിയാൽ പിന്നെ പറയുകയും വേണ്ട. അപകട ഭീഷണി ഇല്ലാത്ത യാത്രക്ക് അവസരം ഒരുക്കാൻ അധികൃതർ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ചേലേമ്പ്ര പഞ്ചായത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നിരുന്നു. ദേശീയപാത സർവിസ് റോഡിലൂടെ ഓടാത്ത ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു.
മാർച്ച് 10 മുതൽ പഴയ ദേശീയപാത വഴി തന്നെ സർവിസ് നടത്താനുള്ള അറിയിപ്പ് മോട്ടോർ വാഹന വകുപ്പ് പുറപ്പെടുവിക്കുമെന്നും ഇടിമൂഴിക്കലിൽ തൃശൂർ ഭാഗത്തേക്ക് സ്ഥാപിച്ച ബസ് സ്റ്റോപ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിർദേശിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുമെന്നും അറിയിച്ചിരുന്നു. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ കൊളക്കുത്ത് റോഡ് ജങ്ഷനിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കിയിരുന്നു.
നേരത്തെ നിർമിച്ച സ്റ്റോപ്പിൽ ബസുകൾ നിർത്താനുള്ള നടപടി സ്വീകരിക്കാൻ പൊലീസിനെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ നിയമലംഘനങ്ങളിൽ നടപടി എടുക്കാൻ അധികൃതർ തയാറാകാത്തത് ബസ് ജീവനക്കാർക്ക് അനുഗ്രഹമായി. കൊണ്ടോട്ടിഅസിസ്റ്റന്റള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, തേഞ്ഞിപ്പലം പൊലീസ് ഇൻസ്പെക്ടർ, ഗ്രാമപഞ്ചായത്ത് അധികൃതർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനമാണ് കാറ്റിൽ പറത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.