പാണ്ടിക്കാട്: കുടുംബാരോഗ്യ കേന്ദ്രത്തിൽ യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.െഎ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11.30ഒാടെ പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഹെൽപ്പ് െഡസ്ക്ക് വളൻറിയറെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അകാരണമായി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുള്ള വളൻറിയർ കെ. ജയകൃഷ്ണനാണ് മർദനമേറ്റത്.
കോവിഡ് വാക്സിൻ സ്വീകരിക്കാനായി എത്തിയവരുടെ വാഹനങ്ങളാൽ കുടുംബാരോഗ്യ കേന്ദ്ര പരിസരം നിറഞ്ഞതോടെ നിയന്ത്രിക്കണമെന്ന് പുറത്തുള്ള ആർ.ആർ.ടി അംഗങ്ങളോട് ജയകൃഷ്ണൻ ആവശ്യപ്പെടുകയും ഇതേ തുടർന്നുള്ള വാക്കേറ്റം സംഘർഷത്തിലെത്തുകയുമായിരുന്നു. ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് യൂനിഫോം ധരിച്ചവരാണ് തന്നെ മർദിച്ചതെന്ന് ജയകൃഷ്ണൻ പറഞ്ഞു. ജയകൃഷ്ണൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
സംഭവത്തെ തുടർന്ന് കുറ്റക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. അതേസമയം, വാക്സിനെടുക്കാൻ പോയ ആർ.ആർ.ടി അംഗങ്ങൾക്ക് നേരെ ആദ്യം അക്രമം അഴിച്ചുവിട്ടത് ജയകൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘമാെണന്നും സംഭവം വളച്ചൊടിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നതെന്നും ഡി.വൈ.എഫ്.ഐ പ്രതികരിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.െഎ പ്രവർത്തകരായ വിപിൻ രാജ്, മിഥുൻ രാജ്, നിധിൻ കണ്ണാടിയിൽ എന്നിവർ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികത്സ തേടി. നിജസ്ഥിതി പൊലീസ് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.