പാണ്ടിക്കാട്: ടൗണിെൻറ ഹൃദയഭാഗത്തെ കാടുമൂടിയ മൊയ്തുണ്ണിപ്പാടവും വലിയ ആൽമരവും മണ്ണ് നിറഞ്ഞ് നശിച്ച കുളവും മൂകമായി കിടക്കുകയാണ്. സ്വാതന്ത്ര്യസമര പോരാളികളുടെ സമരവീര്യത്തിൽ ബ്രിട്ടീഷ് പട്ടാളം വിറച്ച ദിനത്തിന് ഇന്നേക്ക് ഒരുനൂറ്റാണ്ട് തികയുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഇതിഹാസ പോരാട്ടങ്ങളിലൊന്നായിരുന്നു പാണ്ടിക്കാട് ചന്തപ്പുര യുദ്ധം. 250ലേറെ പോരാളികളുടെ ജീവനെടുത്ത ശേഷം മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ച ബ്രിട്ടീഷ് പട്ടാളത്തിെൻറ ക്രൂരതയുടെ കഥ കൂടിയുണ്ട് ഇൗ സമര ചരിത്രത്തിന്. മലബാറിൽ രൂപംകൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന സ്ഥലമാണ് പാണ്ടിക്കാട്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും പിറന്നുവീണ നാട്. പുക്കുന്നുമ്മൽ ആലി ഹാജി, പാണ്ടിയാട് നാരായണൻ നമ്പീശൻ, ഉണ്ണികൃഷ്ണൻ നമ്പീശൻ, പയ്യനാടൻ മോയിൻ, ആക്കപ്പറമ്പൻ മൂസ, പൂന്താനം രാമൻ നമ്പൂതിരി, കാപ്പാട്ട് കൃഷ്ണൻ നായർ, മഞ്ചി അയമുട്ടി തുടങ്ങിയവരാണ് പാണ്ടിക്കാെട്ട ഖിലാഫത്ത് കമ്മിറ്റിയുടെ നേതൃനിരയിലുണ്ടായിരുന്നത്.
1921 നവംബർ 14ന് പുലർച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, പയ്യനാടൻ മോയിൻ എന്നിവർ നേതൃത്വം നൽകിയ പോരാട്ടമാണ് പാണ്ടിക്കാട് യുദ്ധം എന്ന് അറിയപ്പെടുന്നത്. അന്ന് രാത്രി പാണ്ടിക്കാട് ചന്തപ്പുരയിൽ (ഇന്നത്തെ മഞ്ചേരി റോഡിലെ പഞ്ചായത്ത് ഒാഫിസ് കെട്ടിടം നിൽക്കുന്നയിടവും പരിസരങ്ങളും) തമ്പടിച്ച എട്ടാം ഗൂർഖ റൈഫിൾസിലെ രണ്ടാം ബറ്റാലിയൻ ക്യാമ്പിനെ, രണ്ടായിരത്തോളം വരുന്ന പോരാളികൾ പുലർച്ചയോടെയാണ് ആക്രമിച്ചത്.
മുക്രി അയമ്മദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ചന്തപ്പുരയുടെ മതിൽ പൊളിച്ച് ക്യാമ്പിനകത്തെത്തിയത്. രണ്ട് മണിക്കൂറിലേറെ നീണ്ട യുദ്ധത്തിൽ ഗൂർഖ റൈഫിൾസ് ക്യാപ്റ്റൻ ജോൺ എറിക് ആവ്റെൽ അടക്കമുള്ള നിരവധി പട്ടാളക്കാരെ പോരാളികൾ വധിച്ചു. കരുവാരകുണ്ട്, കീഴാറ്റൂർ, നെന്മിനി, ആനക്കയം, പന്തല്ലൂർ, നെല്ലിക്കുത്ത് പോരൂർ, വണ്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് സമരത്തിൽ പെങ്കടുത്തവരിലേറെയും. രക്തസാക്ഷികളായ 250ലേറെ പേരുടെ മൃതദേഹങ്ങൾ ചന്തപ്പുരക്കടുത്ത മൊയ്തുണ്ണിപ്പാടത്ത് ആൽമരത്തിന് സമീപം കുളക്കരയിൽ കുഴിവെട്ടി കൂമ്പാരമാക്കി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
സ്വാതന്ത്ര്യസമര പോരാളികളുടെ ഒാർമക്കായി സ്മാരകം നിർമിക്കുമെന്ന അധികൃതരുടെ വാഗ്ദാനങ്ങൾ സ്വപ്നമായി അവശേഷിക്കുന്നു. 'എെൻറ പാണ്ടിക്കാട്' കൂട്ടായ്മ 2019ൽ സ്ഥാപിച്ച രണ്ട് സൈൻ ബോർഡുകളും ചത്വരവുമാണ് ആകെയുള്ള സ്മാരകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.