പെരിന്തൽമണ്ണ: ഹയർ സെക്കൻഡറി സീനിയർ തസ്തികയിലേക്ക് ജൂനിയർ അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ ഒമ്പത് മാസമായി മരവിപ്പിച്ച സ്ഥിതിയാണെന്ന് എച്ച്.എസ്.എസ്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.18 വിഷയങ്ങളിലായി 263 ഒഴിവുകളിലേക്കാണ് സീനിയർ അധ്യാപക സ്ഥാനക്കയറ്റം നൽകേണ്ടത്.
2018 നവംബർ മുതൽ 2019 ഒക്ടോബർ വരെ ഒഴിവുള്ള സീനിയർ അധ്യാപക തസ്തികയിലേക്കാണിത് പരിഗണിക്കേണ്ടത്. 15 വർഷത്തോളം ജൂനിയർ തസ്തികയിൽ ജോലി ചെയ്ത് കാത്തിരുന്ന് സ്ഥാനക്കയറ്റ പട്ടികയിൽ ഇടംനേടിയവരാണ് പലരുമെന്ന് സംഘടന കുറ്റപ്പെടുത്തി.
പട്ടികയിൽ വന്നിട്ടും ചിലർ സ്ഥാനക്കയറ്റം ലഭിക്കാതെ കഴിഞ്ഞ മെയിൽ വിരമിച്ചു. കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ അപാകതയുണ്ടെന്ന കാരണത്താൽ 2020 ഫെബ്രുവരിയിൽ നടക്കേണ്ട വകുപ്പുതല സ്ഥാനക്കയറ്റം മാറ്റിവെച്ചിരുന്നു.
അപാകത പരിഹരിച്ചിട്ടും ഡി.പി.സി ചേരാതെ നടപടികൾ മരവിപ്പിച്ചെന്നും എന്നാൽ, ജനുവരി 20ന് മാത്രം കോൺഫിഡൻഷ്യൽ റിപ്പോർട്ട് ക്ഷണിച്ച ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്ഥാനക്കയറ്റ നടപടികൾ അതിവേഗം പൂർത്തിയാക്കി നിയമനം നടത്തിയെന്നും സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാട്ടി.
ഹൈസ്കൂൾ പ്രധാനാധ്യാപകർ കൂടി ഉൾപ്പെട്ട പ്രിൻസിപ്പൽ സ്ഥാനക്കയറ്റ നടപടികൾ മിന്നൽ വേഗത്തിൽ നടന്നു. ചിലർ പ്രമോഷൻ ലഭിച്ച് തൊട്ടടുത്ത ദിവസം ജോലിയിൽ നിന്ന് വിരമിച്ചു. കോവിഡ് മൂലം ഓഫിസുകളിൽ ജീവനക്കാരില്ലെന്ന് പറഞ്ഞാണ് മേയ് മുതൽ നടപടികൾ തടഞ്ഞിരിക്കുന്നതെന്നും എച്ച്.എസ്.എസ്.എസ്.ടി.എ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.