പെരിന്തല്‍മണ്ണ: നഗരസഭയിൽ വോട്ടർപട്ടികയിൽ അനർഹരെ കടത്തിക്കൂട്ടുന്നെന്ന പരാതിയുമായി മഞ്ഞളാംകുഴി അലി എം.എൽ.എയും യു.ഡി.എഫും നഗരസഭ സെക്രട്ടറിയെ കണ്ടു.
അങ്ങാടിപ്പുറം 16ാം വാര്‍ഡിലുള്ള മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫും ഭാര്യയും മാതാവും പഞ്ചായത്തും മണ്ഡലവും മാറി പെരിന്തല്‍മണ്ണ നഗരസഭയിലെ 28ാം വാര്‍ഡിലെത്തി സഹോദരന് താമസിക്കുന്ന ക്വാര്ട്ടേഴ്സിെൻറ കെട്ടിട നമ്പര്‍ കാണിച്ച് പേരുചേര്‍ത്തത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കുന്നപ്പള്ളിയിലെ 20ാം വാര്‍ഡില്‍നിന്ന് 21ാം വാര്‍ഡിലേക്ക് 15 പേരെ നിലവിലെ ലിസ്റ്റില്‍ നിലനിർത്തി തന്നെ മാറ്റി. ഇരുവാര്‍ഡുകളിലും വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമം നടക്കുന്നെന്നും ഒമ്പതാം വാര്‍ഡ് ഇടുക്കുമുഖത്ത് 75 പേരെ അനധികൃതമായി കയറ്റിയതായും കുറ്റപ്പെടുത്തി.
അനധികൃതമായി വോട്ടര്‍പട്ടികയില്‍ കയറിക്കൂടിയവരെ മുഴുവന്‍ ഒഴിവാക്കണമെന്നും സുതാര്യത ഉറപ്പാക്കി കുറ്റമറ്റരീതിയില്‍ പട്ടിക പുറത്തിറക്കണമെന്നും ഇത് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ആശുപത്രിയിലെ ജീവനക്കാരെയും വിദ്യാര്‍ഥികള്‍ക്കായുള്ള അഭയകേന്ദ്രത്തിലെ കുട്ടികളെയും പഠനം പൂര്‍ത്തിയാക്കിയവരും വരെ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി. ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പൂര്‍ണമായും പരിശോധിക്കുമെന്നും കുറ്റമറ്റ രീതിയില്‍ വോട്ടര്‍പട്ടിക തയാറാക്കുമെന്നും സെക്രട്ടറി ഉറപ്പുനല്‍കി.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് അഡ്വ. എ.കെ. മുസ്തഫ, എം.എം. സക്കീര്‍ ഹുസൈന്, കൊളക്കാന്‍ അസീസ്, വി. ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.