പെരിന്തൽമണ്ണ: ഗതാഗതക്കുരുക്ക് രൂക്ഷമായ പെരിന്തൽമണ്ണ-ഊട്ടി റോഡിലെ ബൈപ്പാസ് ജംങ്ഷന് സമാന്തരമായി കടന്നു പോവുന്ന ഹൈസ്കൂൾപടി-കക്കൂത്ത് റോഡ് വീതി കൂട്ടി നവീകരിക്കൽ പ്രവൃത്തി തുടങ്ങി. നജീബ് കാന്തപുരം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടു കോടി ചിലവിട്ടാണ് പ്രവൃത്തി.
മേലാറ്റൂർ, കരുവാരകുണ്ട്, ആഞ്ഞിലങ്ങാടി ഭാഗങ്ങളിൽനിന്ന് പെരിന്തൽമണ്ണ ടൗണിലേക്ക് വരുന്ന വാഹനങ്ങൾ എളുപ്പവഴിയായി കാണുന്ന മണ്ണാർമല-മാട് റോഡ് വഴി പോവുന്ന വാഹനങ്ങൾക്ക് ബൈപ്പാസ് ജംങ്ഷൻ (ചില്ലീസ് ജങ്ഷൻ) വഴി പോവാതെ പെരിന്തൽമണ്ണ ടൗണിലെത്താവുന്നതാണ് റോഡിന്റെ ഗുണം. നിലവിൽ ഊട്ടി റോഡിൽ ബൈപ്പാസ് ജങ്ഷന്റെയും ടൗണിലെ ട്രാഫിക് ജങ്ഷന്റെയും ഇടയിൽ ഒന്നര കി.മീ ഭാഗം വീതി കുറവായത് കാരണം മിക്കപ്പോഴും വൻകുരുക്കാണ് ഇവിടെ അനുഭവപ്പെടാറ്.
റോഡ് പ്രവൃത്തി പൂർത്തിയാവുന്നതോടെ ഇതിന് പരിഹാരമാവും. നഗരസഭയിൽ വാർഡ് അഞ്ച് കുളിർമല, വാർഡ് മൂന്ന് കക്കൂത്ത് എന്നിവയിലൂടെയാണ് രണ്ടു കിലോ മീറ്റർ റോഡ് കടന്നു പോവുന്നത്.
റോഡ് പ്രവൃത്തി ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. വാർഡ് അംഗം സലീം താമരത്ത് അധ്യക്ഷത വഹിച്ചു. കുളിർമല വാർഡ് അംഗം പച്ചീരി ഉസൈന നാസർ, കുമരംകുളം വാർഡ് അംഗം ജിതേഷ്, പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ, എ.ഡി.എം എൻ.എം. മെഹറലി, ഡോ.അബൂബക്കർ തയ്യിൽ, പച്ചീരി നാസർ, പച്ചീരി ഫാറൂഖ്, കെ.പി.ഫാറൂഖ്, ഫസൽ മുഹമ്മദ്, വി.ബാബുരാജ്, നാലകത്ത് ബഷീർ, തെക്കത്ത് ഉസ്മാൻ, അസീസ് കൊളക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഊട്ടി റോഡിലും ചില്ലീസ് ജങ്ഷനിലും കുരുക്കഴിക്കാൻ തുടങ്ങിവെച്ച ടൗൺഹാൾ- കക്കൂത്ത് റോഡ് നവീകരണ പദ്ധതിയിൽ ഒരു കി.മീ ഭാഗം കൂടി പ്രവൃത്തി നടത്താൻ ഒരു കോടി കൂടി അനുവദിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ. പണി നടക്കുന്ന റോഡ് മാട് റോഡിലേക്ക് എത്താൻ ഇനിയും ഒരു കി.മീ ഭാഗം കൂടിയുണ്ട്.
ഈ ഭാഗം വീതി കൂട്ടി ബി.എം. ആന്റ് ബി.സി പ്രവൃത്തി നടത്തിയാൽ ബൈപ്പാസ് ജങ്ഷനിൽ കുരുക്ക് പൂർണമായും അഴിക്കാം.
പുതുതായി ഭൂമി ഏറ്റെടുക്കാതെ നിലവിലെ മരാമത്ത് ഭൂമി പരമാവധി റോഡിലേക്ക് ചേർത്തും വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ച് സ്ഥലം കണ്ടെത്തിയുമാണ് വീതി കൂട്ടുക. മാനത്തുമംഗലം പൊന്ന്യാകുർശി ബൈപ്പാസ് ഈ പാതയെ ക്രോസ് ചെയ്താണ് കടന്നു പോവുന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷവും അവധി ദിനങ്ങളും കാരണം പതിവിലേറെ കുരുക്കാണ് പെരിന്തൽമണ്ണ നഗരത്തിൽ. ഊട്ടി റോഡ് വഴി ടൗണിലെത്തി മടങ്ങുന്ന സ്വകാര്യ ബസുകൾ ഒരാഴ്ചയായി അരമണിക്കൂറോളം കുരുക്കിൽ പെട്ട് സർവീസ് മുടങ്ങുകയാണ്.
‘കുരുക്കഴിക്കണം ആതുരാലയ നഗരത്തിൽ’എന്ന ‘മാധ്യമം’പരമ്പരയോട് പ്രതികരിച്ച ജനപ്രതിനിധികളും സംഘടന നേതാക്കളും ചൂണ്ടിക്കാട്ടിയതാണ് പെരിന്തൽമണ്ണ ടൗണിനോട് ചേർന്നു കിടക്കുന്ന ഇടറോഡുകൾ വീതി കൂട്ടി വലിയ വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നുപോവാനുള്ള സൗകര്യമേർപ്പെടുത്തുകയെന്നത്. ടെണ്ടർ നടപടി പൂർത്തിയായ റോഡി ന്റെ നിർമാണം ശനിയാഴ്ച മുതൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.