പെരിന്തൽമണ്ണ: ഏറെ കാത്തിരിപ്പുകൾക്കുശേഷം നിലമ്പൂർ-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെ റോഡ് പുനരുദ്ധാരണം ആരംഭിച്ചെങ്കിലും പുതിയ തടസ്സമായി ജല അതോറിറ്റിയുടെ പൈപ്പുകൾ.
പെരിന്തൽമണ്ണ കുന്നപ്പള്ളിയിൽനിന്നും പട്ടിക്കാട്ടുനിന്നും റോഡ് പണി ആരംഭിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടുന്നതോടൊപ്പം അഴുക്കുചാൽ നിർമാണവും ചെറിയ പാലങ്ങളുടെയും കൾവർട്ടുകളുടെയും പുനർനിർമാണവുമടക്കം 139 കോടിയുടെ പ്രവൃത്തിയാണ് ടെൻഡർ ചെയ്തിരിക്കുന്നത്. മൂന്നുവർഷമായി റോഡ് തകർന്നുകിടക്കുകയാണ്. പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ടും രണ്ടുവർഷത്തോളമായി.
പെരിന്തൽമണ്ണ ടൗൺ മുതൽ പട്ടാമ്പി റോഡ് വലിയ കുഴികളായി തകർന്നുകിടക്കുന്നതിനാൽ യാത്ര ക്ലേശകരമാണ്. ജനപ്രതിനിധികളുടെ അവഗണന കാരണമാണ് ഉദ്യോഗസ്ഥരും പ്രവൃത്തി വെറുതെ നീട്ടിക്കൊണ്ടുപോയത്.
പലകാരണം പറഞ്ഞ് പ്രവൃത്തി നീട്ടിക്കൊണ്ടുപോവുന്നതിനാൽ നാട്ടുകാരും വ്യാപാരികളും ജനപ്രതിനിധികൾക്കും സർക്കാറിനുമെതിരെ എതിർപ്പുയർത്തുന്നുണ്ട്. ചൊവ്വാഴ്ച വ്യാപാരികളുടെ ധർണയുണ്ട്.
അതേസമയം, ജല അതോറിറ്റിയോട് പലവട്ടമായി റോഡിൽ നിർമാണം നടക്കുന്ന ഭാഗത്തെ പൈപ്പുകൾ മാറ്റാനും പകരം സംവിധാനമുണ്ടാക്കാനും കെ.എസ്.ടി.പി എൻജിനീയർമാർ ആവശ്യപ്പെട്ടതാണ്. പഴയ എ.സി പൈപ്പുകൾ മൂന്നിടത്ത് പൊട്ടി വെള്ളം ചോരുന്നുണ്ട്. ഭാരമുള്ള റോളറുകൾ ഇവക്ക് മുകളിലൂടെ പോയാൽ വീണ്ടും പൊട്ടും. നാട്ടുകാർ ജല അതോറിറ്റി ഒാഫിസിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. റോഡുവക്കിൽ അഴുക്കുചാൽ നിർമാണത്തിന് കുഴിയെടുക്കുന്ന പ്രവൃത്തിയാണിപ്പോൾ നടക്കുന്നത്. പ്രവൃത്തി നടക്കുന്ന ഭാഗം ഞായറാഴ്ച മഞ്ഞളാംകുഴി അലി എം.എൽ.എ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.