പെരിന്തൽമണ്ണ: കഴിഞ്ഞമാസം അഞ്ചിന് ജയിലിൽ നിന്നിറങ്ങിയ മോഷ്ടാവ് ഒന്നര മാസത്തിനിടെ നിരവധി മോഷണങ്ങൾ നടത്തി വീണ്ടും പിടിയിൽ. മഞ്ചേരി കോളജ്കുന്ന് സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസിനെയാണ് (57) പെരിന്തൽമണ്ണ ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐമാരായ ശ്രീജിത്ത്, പ്രമോദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ ബൈപ്പാസ് റോഡിൽ കൂൾബാറിലും സമീപത്തെ ക്രിസ്ത്യൻ പള്ളിയിലും മോഷണം നടന്നതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്ന പൊലീസ് രാത്രി പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. ഒന്നരമാസം മുമ്പ് ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം പത്തിടത്ത് മോഷണം നടത്തിയ ഇദ്ദേഹം നൂറോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പട്ടാമ്പി തളി മഹാദേവക്ഷേത്രം, തൃത്താല കൂറ്റനാട് ക്ഷേത്രം, ചെർപ്പുളശ്ശേരി ടൗണിനടുത്ത് മൂന്ന് വീടുകൾ, തൃശൂർ വടക്കാഞ്ചേരിയിൽ മൂന്ന് വീടുകൾ, പഴയന്നൂരിലെ ചിക്കൻസ്റ്റാൾ, രാമനാട്ടുകരയിലെ ഒരു വീട് എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. ജില്ല ആൻറി നാർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, കൃഷ്ണകുമാർ, മനോജ്കുമാർ, പ്രശാന്ത്, എ.എസ്.ഐ അരവിന്ദാക്ഷൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.