പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന കർഷകരുടെയും കാർഷിക മേഖലയിലെ വിദഗ്ധരുടെയും യോഗം 

പാടശേഖരങ്ങൾക്കാവശ്യമായ വിത്തുകൾ ഇനി യഥേഷ്ടം

പെരുമ്പടപ്പ്: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൊന്നാനി കോൾ മേഖലയിൽ ഉൾപ്പെടുന്ന  പാടശേഖരങ്ങൾക്ക് ആവശ്യമായ വിത്ത് ഉല്പാദിപ്പിക്കുന്ന വിത്ത് ബാങ്ക്  പദ്ധതിക്ക് തുടക്കമാവുന്നു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിത്ത് ബാങ്ക് യാഥാർത്ഥ്യമാവുക. പദ്ധതി ഈ വർഷം തന്നെ നടപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സഹായസഹകരണങ്ങൾ എല്ലാ മേഖലയിൽ നിന്നും സാധ്യമാക്കുന്നതിനു തീരുമാനിച്ചു.

പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് മുന്നോടിയായി കർഷകരുടെയും കാർഷിക മേഖലയിലെ വിദഗ്ധരുടെയും യോഗം ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്തു. കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ അതാതു പഞ്ചായത്തു തല യോഗം വിളിച്ചു ചേർത്തു തുടർ നടപടി സ്വീകരിക്കും. പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലെ പൊന്നാനി കോൾ മേഖലയിലെ കാർഷിക  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കാർഷിക കലണ്ടർ തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു.

വിവിധ കോൾ പടവുകളിലെ പ്രശ്നങ്ങൾ കർഷകർ യോഗത്തിൽ അവതരിപ്പിച്ചു. കാലാവസ്ഥ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന കൃഷിനാശം കുറയ്ക്കുന്നതിനായി കഴിയാവുന്ന കോൾ പടവുകളിൽ നേരത്തെ കൃഷി ഇറക്കാനും വൈകി തുടങ്ങുന്ന പടവുകളിൽ മൂപ്പു കുറഞ്ഞ വിത്തിനങ്ങൾ ഉപയോഗിക്കുന്നതിനും ധാരണയായി. കെ.എൽ.ഡി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർദേശം നൽകി.

ബിയ്യം റെഗുലേറ്ററിലെ ജലവിതാനം നിയന്ത്രിച്ചു. പരമാവധി കൃഷിക്ക് വെള്ളം ഉപയോഗിക്കാൻ കഴിഞ്ഞിരുന്ന മുൻപത്തെ സമിതി പുനഃസ്ഥാപിക്കാൻ ധാരണയായി. ഭാരതപ്പുഴയിൽ നിന്നും വെള്ളം ബിയ്യം കായലിലേക്കെത്തിക്കുന്നതിനുള്ള ഇൻറർ ലിങ്ക് കനാലി​െൻറ ഡി.പി.ആർ തയ്യാറായി വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഇത് വേഗം പൂർത്തീകരിച്ച് സർക്കാരിലേക്ക് ഉടൻ സമർപ്പിക്കാൻ തീരുമാനിച്ചു. നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിൽ പരമാവധി പദ്ധതികൾ സമർപ്പിക്കാനും ധാരണയായി. പഞ്ചായത്തിൽ നിന്നും ഒരു കർഷകനെ ഉൾപ്പെടുത്തി ബ്ലോക്ക് തല കർഷക സഹായ സമിതി രൂപീകരിച്ചു മുന്നോട്ടു പോകാനും തീരുമാനമായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഇ സിന്ധുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർമാരായ കരുണാകരൻ, രാമദാസ്, എ.ഡി.എ ഷീന, എ.എക്സ്.ഇ മേജർ ഇറിഗേഷൻ സുരേഷ്‌കുമാർ, എ.എക്സ്.ഇ മൈനർ ഇറിഗേഷൻ വിശ്വനാഥൻ, റിബിൾഡ് കേരള കോ ഓർഡിനേറ്റർ വിവൻസി, ബി.ഡി.ഒ അമൽദാസ്, ജി.ഇ.ഒ ടി.ജമാലുദ്ധീൻ, കൃഷി ഓഫീസർമാർ, മറ്റു ഉദ്യോഗസ്ഥർ, കർഷകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Perumpadappu Block Panchayat seed bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.