പൊന്നാനി: പഞ്ചായത്ത് തലങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന ജൽ ജീവൻ പദ്ധതിക്ക് പുറമെ നഗരസഭകളിൽ ശുദ്ധജലം വിതരണം ചെയ്യുന്ന അമൃത് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം കുറിക്കുന്നു. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരന് ചുമതല നൽകി. 21 കോടി രൂപയാണ് പദ്ധതി ചെലവ്. തീരമേഖലയിലെ 12 വാർഡുകളിൽ ഉൾപ്പെടെ 5000ത്തോളം വീടുകളിൽ സൗജന്യ കുടിവെള്ള കണക്ഷൻ നൽകും.
വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ തീരമേഖലക്കാണ് പദ്ധതി ഏറെ ഗുണകരമാകുക. വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായി 34 കിലോമീറ്റർ പുതിയ ജലവിതരണ ശൃംഖല സ്ഥാപിക്കും. തൃക്കാവിലെ ടാങ്കിൽനിന്നാണ് പൈപ്പ് വഴി വെള്ളം എത്തിക്കുക. ഗാർഹിക കണക്ഷൻ സൗജന്യമായി നൽകും. ബി.പി.എൽ കുടുംബങ്ങൾക്ക് 30,000 ലിറ്റർ വെള്ളം സൗജന്യമായി നൽകും. ഗാർഹിക കണക്ഷൻ നൽകുന്ന പ്രവൃത്തി പൂർത്തീകരിക്കുന്ന മുറക്ക് റോഡിൽ പൈപ്പിടുന്ന ജോലികളും നടക്കും. സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്നതിനാൽ ഉപഭോക്താക്കൾ മാസക്കരം മാത്രമേ അടക്കേണ്ടിവരൂ.
അമൃത് പദ്ധതിക്കൊപ്പം ജൽ ജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. അമൃത് പദ്ധതി നിർവഹണം ചർച്ച ചെയ്യാൻ നഗരസഭയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, ഷീന സുദേശൻ എന്നിവരും തീരദേശ വാർഡുകളിലെ കൗൺസിലർമാർ, അമൃത് പദ്ധതി എൻജിനീയർമാരായ നന്ദകുമാർ, ദിവ്യ, കേരള വാട്ടർ അതോറിട്ടി അസി. എൻജിനീയർ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.