പൊന്നാനി: നഗരസഭയിൽനിന്ന് അനുമതി വാങ്ങാതെ നഞ്ചഭൂമിയിൽ കെട്ടിട നിർമാണം നടത്തുന്നത് തടഞ്ഞ് നഗരസഭ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും ഉത്തരവ് പാലിക്കാതെ നിർമാണം തുടർന്ന് സ്കൂൾ മാനേജ്മെന്റ്.
പൊന്നാനി ഈശ്വരമംഗലം ന്യൂ യു.പി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണമാണ് നിയമം ലംഘിച്ച് തുടരുന്നത്. നഗരസഭയിൽനിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ഇത് കേരള മുനിസിപ്പൽ ബിൾഡിങ് റൂളിന്റെ ലംഘമാണെന്നും നോട്ടീസ് ലഭിക്കുന്ന മുറക്ക് നിർമാണം നിർത്തണമെന്നും ആവശ്യപ്പെട്ടാണ് ജൂൺ ഒന്നിന് നഗരസഭ സെക്രട്ടറി സ്കൂൾ മാനേജർക്ക് നോട്ടീസ് നൽകിയത്.
നിർദേശം പാലിക്കാത്ത പക്ഷം നിർമാണത്തിനായി കൊണ്ടുവന്ന വസ്തുക്കൾ പിടിച്ചെടുക്കുമെന്നും, തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ നോട്ടീസ് ഗൗനിക്കാതെ പ്രവൃത്തികൾ തുടരുന്നുവെന്നാണ് പരാതി.
ഇതേത്തുടർന്ന് കെട്ടിട നിർമാണം നിർത്തി വെപ്പിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ ആക്ട് 408 പ്രകാരം സെക്രട്ടറി പൊന്നാനി പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. മാസമൊന്ന് പിന്നിട്ടിട്ടും അനധികൃത കെട്ടിട നിർമാണം തുടരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. വിഷയത്തിൽ പ്രതികരിക്കാൻ സ്കൂൾ മാനേജർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.