പൊന്നാനി: മാലിന്യ സംസ്കരണ വിഷയത്തിൽ പൊന്നാനി നഗരസഭയിൽ ഭരണപക്ഷ-പ്രതിപക്ഷ പോര്. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. പൊന്നാനി നഗരസഭയിലെ മാലിന്യ സംസ്കരണം കൃത്യമായി നടക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണമാണ് കൗൺസിലർമാർ തമ്മിലെ വാക്കേറ്റത്തിന് കാരണം.
ബിയ്യം നഗരാരോഗ്യ കേന്ദ്രത്തിലെ അറ്റകുറ്റപ്പണി യഥാസമയം നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞതിനെതിരെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ രംഗത്തുവന്നു. എന്നാൽ, ചെയറിൽനിന്നാണ് മറുപടി പ്രതീക്ഷിക്കുന്നതെന്ന് ഫർഹാൻ പറഞ്ഞതോടെ യോഗം തുടക്കത്തിലേ ബഹളമയമായി. തുടർന്നാണ് മാലിന്യ സംസ്കരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം വീണ്ടും രംഗത്തെത്തിയത്.
എന്നാൽ, ജനുവരി 26ന് നടന്ന ശുചീകരണ യജ്ഞം അട്ടിമറിക്കാനാണ് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ശ്രമിച്ചതെന്ന് ടി. മുഹമ്മദ് ബഷീർ മറുപടി നൽകി. ചെയർമാനാണ് മറുപടി നൽകേണ്ടതെന്ന് പ്രതിപക്ഷം പറഞ്ഞതോടെ എൽ.ഡി.എഫ് കൗൺസിലർമാർ ബഹളംവെച്ചു.
തുടർന്ന് പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. എന്നാൽ, വിഷയത്തിൽ മറുപടി നൽകിയിട്ടും പ്രതിപക്ഷം വീണ്ടും ബഹളം വെച്ചപ്പോഴാണ് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഇടപെട്ടതെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.