പൊന്നാനി: പ്ലാസ്റ്റിക് ഉപയോഗിച്ചാൽ ഉദ്യോഗസ്ഥർക്കും പിഴ വീഴും. പൊന്നാനി നഗരസഭ ചെയർമാൻ വിളിച്ചുചേർത്ത വിവിധ ഓഫിസ് മേധാവികളുടേയും സ്കൂൾ-കോളജ് പ്രധാനാധ്യാപകരുടെയും മെഡിക്കൽ ഓഫിസർമാരുടെയും യോഗത്തിലാണ് അതത് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കാനും കർമപദ്ധതിക്ക് രൂപം നൽകിയത്. ഇതനുസരിച്ച് വിദ്യാലയങ്ങളിൽ ശുചിത്വ അസംബ്ലി, രക്ഷാകർതൃ സംഗമങ്ങൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. മൈനർ ഇറിഗേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തോടുകളുടെയും ജലാശയങ്ങളുടെയും ശുചീകരണത്തിന് പദ്ധതി തയാറാക്കും. തെരുവിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടി ശിക്ഷിക്കാൻ പൊലീസ്, നഗരസഭ ആരോഗ്യവിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ രാത്രികാല പട്രോളിങ് ഏർപ്പെടുത്തും. തെരുവുകളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ഫോണിൽ ദൃശ്യങ്ങൾ പകർത്തി അറിയിക്കുന്നവർക്ക് 2500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത്തരം സാമൂഹികവിരുദ്ധരെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. ഫിഷറീസ്, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തീരപ്രദേശത്ത് ബോധവത്കരണ-ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
ഓഫിസുകളിൽ ജീവനക്കാർ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്നും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ജീവനക്കാരെ കണ്ടെത്തി ആദ്യഘട്ടത്തിൽ താക്കീത് നൽക്കാനും പിഴ ചുമത്താനും ഓഫിസ് മേധാവികൾക്ക് നിർദേശം നൽകി. യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ബിന്ദു സിദ്ധാർഥൻ, സ്ഥിരംസമിതി ചെയർമാന്മാരായ ഷീന സുദേശൻ, മുഹമ്മദ് ബഷീർ, രജീഷ് ഊപ്പാല, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്, ഡോ. ആഷിക് അമൻ, അധ്യാപകരായ ബദറുന്നീസ, സുധ തുടങ്ങിയവർ സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ സുബ്രഹ്മണ്യൻ സ്വാഗതവും ഷീന സുദേശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.