പൊന്നാനി: പൊന്നാനി തുറമുഖത്ത് കപ്പലടുപ്പിക്കാനുള്ള നീക്കം പുരോഗമിക്കുന്നു. തുറമുഖ പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പൊന്നാനിയിൽ ചരക്കുനീക്കവും ടൂറിസം പദ്ധതിയും മുന്നിൽകണ്ട് കപ്പൽ ടെർമിനൽ നിർമിക്കാനും നടത്തിപ്പിനും സ്വകാര്യ കമ്പനിക്ക് ചുമതല ഏൽപിക്കാനാണ് തീരുമാനം.
സർക്കാർ അനുമതി ലഭിച്ചാലുടൻ ടെൻഡറിലേക്ക് കടക്കും. ഒരുമാസത്തിനകം ഔദ്യോഗിക നടപടികൾ ആരംഭിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. പൊന്നാനി തുറമുഖത്ത് കപ്പൽ ടെർമിനൽ നിർമിക്കുന്നതിനായി മാരിടൈം ബോർഡ് മുൻകൈയെടുത്ത് നിലവിൽ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ നിർമാണ നടത്തിപ്പ് ചുമതലകളുമായി ബന്ധപ്പെട്ടുള്ള രൂപരേഖയുണ്ടാക്കുക. തുറമുഖ നിർമാണത്തിനായി സ്വകാര്യകമ്പനിക്ക് പൊന്നാനി കടൽ തീരം വിട്ടു നൽകുകയും നടത്തിപ്പ് ചുമതല ഉൾപ്പെടെ നൽകിക്കൊണ്ടുള്ള കരാർ ഉറപ്പിക്കാനുമാണ് ധാരണ.
നിക്ഷേപകർ പലരും ഇതിനോടകം തന്നെ താൽപര്യമറിയിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ വാണിജ്യ തുറമുഖ നിർമാണത്തനായി സ്വകാര്യകമ്പനിക്ക് കരാർ നൽകിയിരുന്നെങ്കിലും പദ്ധതി പാതിവഴിപോലുമെത്താതെ മുടങ്ങി. എന്നാൽ, അതിവേഗം നടപ്പാക്കാൻ കഴിയുന്നതും കുറഞ്ഞ ചെലവിൽ ലാഭകരമായി നിർമിക്കാൻ കഴിയുന്നതുമായ പദ്ധതിയാണ് നിലവിൽ ആസൂത്രണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.