പൊന്നാനി: അമൃത് പദ്ധതിക്കായി വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ചിട്ട പൊന്നാനി ചമ്രവട്ടം ജങ്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള റോഡിന്റെ റീ ടാറിങ് ഈ മാസം 20ന് ആരംഭിക്കുമെന്ന് അധികൃതരുടെ ഉറപ്പ്. പ്രവൃത്തികൾ വൈകുന്നതിനെത്തുടർന്നാണ് പൊന്നാനി നഗരസഭ ചെയർമാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തത്. ഈ മാസം 20ന് റോഡ് റീ ടാറിങ് ആരംഭിക്കാമെന്ന് എൻ.എച്ച് പി.ഡബ്യു.ഡി വിഭാഗം ഉറപ്പ് നൽകി.
കൂടാതെ ഒക്ടോബർ 15നകം തീരദേശ മേഖലയിൽ പദ്ധതിക്കായി പൊളിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കാനും നവംബർ 15നകം അമൃത് പദ്ധതി പ്രകാരമുള്ള ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്ന പ്രവൃത്തികൾ പൂർത്തീകരിക്കാനും ജല അതോറിറ്റിക്ക് നിർദേശം നൽകി. അല്ലാത്ത പക്ഷം ജല അതോറിറ്റിക്കെതിരെയും കരാർ കമ്പനിക്കെതിരെയും നിയമനടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ദേശീയപാതയുടെ പുനർനവീകരണ പ്രവർത്തനങ്ങൾ നടക്കാത്തത് ജല അതോറിറ്റിയുടെ നിരുത്തരവാദപരമായ സമീപനവും കരാർ കമ്പനിയുടെ അലസതയും മൂലമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ യഥാസമയം പൂർത്തീകരിച്ച് ദേശീയപാത വിഭാഗത്തിന് കൈമാറാത്തതാണ് അറ്റകുറ്റപണികൾ വൈകാനിടയാക്കുന്നത്. റോഡ് തകർന്നതിനാൽ പാതയിൽ അപകടങ്ങളും നിത്യ സംഭവമാണ്. അതേ സമയം ഈ മാസം 20ന് തകർന്ന റോഡുകളുടെ നിർമാണം ആരംഭിച്ചില്ലെങ്കിൽ ജല അതോറിറ്റിക്കും കരാറുകാരനുമെതിരെ കോടതിയെ സമീപിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഒ.ഒ. ഷംസു മുന്നറിയിപ്പ് നൽകി.
റോഡ് തകർച്ചയിൽ അപകടങ്ങൾ സംഭവിച്ചവർക്ക് നഷ്ടം പരിഹാര തുക ഉൾപ്പെടെ ആവശ്യപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഷംസു യോഗത്തിൽ പറഞ്ഞു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റു പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.