പൊന്നാനി: റേഷന്‍ ഭക്ഷ്യ ധാന്യങ്ങളില്‍ തിരിമറി നടക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് സിവില്‍ സപ്ലൈസ് വിജിലന്‍സിെൻറ നിർദേശപ്രകാരം നടന്ന മിന്നല്‍ പരിശോധനയിൽ പൊന്നാനി സപ്ലൈകോ ഗോഡൗണിലെ സ്റ്റോക്കിൽ വൻ ക്രമക്കേട് കണ്ടെത്തി. പൊന്നാനിയിലെ രണ്ട് ഗോഡൗണുകളിൽ നടന്ന പരിശോധനയിൽ 35 ക്വിന്റൽ ഗോതമ്പും 34 ക്വിന്റൽ അരിയും കുറവുള്ളതായി കണ്ടെത്തി.
കഴിഞ്ഞ ഒമ്പത് മാസത്തെ സ്റ്റോക്കാണ് പരിശോധിച്ചത്. പച്ചരി, മട്ട, പുഴുക്കലരി എന്നിവയിൽ വൻകുറവാണ് കണ്ടെത്താനായത്. രാവിലെ ഒമ്പത് മുതല്‍ പൊന്നാനി തൃക്കാവിലെ പി.സി.സി സൊസൈറ്റി ഗോഡൗണ്‍, തൃക്കാവിലെ സ്വകാര്യ ഗോഡൗണ്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ സൂക്ഷിച്ച രജിസ്റ്ററും സ്റ്റോക്കും ഉദ്യോഗസ്ഥര്‍ ഒത്തു നോക്കി.
തൃക്കാവിലെ സ്വകാര്യ ഗോഡൗണില്‍ നൂറുകണക്കിന് ചാക്ക് പച്ചരിയും പുഴുക്കലരിയും തരം തിരിക്കാതെ വെച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം.
കഴിഞ്ഞ ഒമ്പത് മാസത്തെ രജിസ്റ്ററും സ്റ്റോക്കും തമ്മിൽ വലിയ അന്തരമാണ് കണ്ടെത്താനായത്. എഫ്.സി.ഐ ഗോഡൗണിൽനിന്ന് കൃത്യമായി നൽകുന്ന ഭക്ഷ്യസാധനങ്ങളിൽ കുറവ് കണ്ടതിനെക്കുറിച്ചും അന്വേഷണം നടത്തും. എന്നാൽ സ്വാഭാവികമായി സ്റ്റോക്കുകളിൽ ഉണ്ടാകുന്ന വ്യത്യാസം മാത്രമെ കണ്ടെത്തിയിട്ടുള്ളതെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിശദീകരണം. സിവില്‍ സപ്ലൈസ് വിജിലന്‍സിെൻറ നിർദേശപ്രകാരം തിരൂര്‍ താലൂക്ക് സപ്ലൈസ് ഓഫിസര്‍ ജോര്‍ജ് കെ. സാമുവല്‍, തിരൂര്‍ താലൂക്കിലെ റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. രാജന്, എസ്.സി. ബിബിന്‍, വി. ഗീതാകുമാരി, എ.എം. ബിന്ധ്യ, ജീവനക്കാരന് പി. അബ്ദുൽ റസാഖ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.