പൊന്നാനി: പൊന്നാനി നഗരസഭയെയും പടിഞ്ഞാറെക്കര ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന യാത്ര ബോട്ട് സർവിസ് ബുധനാഴ്ച മുതൽ പുനരാരംഭിക്കും. യാത്ര ബോട്ടിന്റെ രേഖകൾ സമർപ്പിച്ചതോടെയാണ് സർവിസ് പുനരാരംഭിക്കാൻ നടപടിയായത്. വിദ്യാർഥികളും മത്സ്യത്തൊഴിലാളികളുമുൾപ്പെടെ ആശ്രയിച്ചിരുന്ന പൊന്നാനി-പടിഞ്ഞാറെക്കര ബോട്ട് സർവിസാണ് ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നത്. ഇൻ ലാൻഡ് നാവിഗേഷൻ സർട്ടിഫിക്കറ്റും ലസ്കർ തസ്തികയിൽ ജീവനക്കാരനെയും നിയമിച്ച് ബോട്ടിന്റെ രേഖകൾ സമർപ്പിക്കുകയും ചെയ്തതോടെയാണ് സർവിസിന് അനുമതി ലഭ്യമായത്.
താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ലസ്കറില്ലാതെയാണ് സർവിസ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സർവിസ് നിർത്തിവെക്കാൻ നിർദേശവും നൽകി. ഇതിനിടെ താനൂർ ബോട്ടപകടത്തെ തുടർന്ന് പൊന്നാനി പോർട്ട് ഓഫിസർ അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ സർവിസ് അവതാളത്തിലായി. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ പുറത്തൂരിൽനിന്നുള്ള സ്വകാര്യ വ്യക്തിയാണ് താൽക്കാലിക ബോട്ട് സർവിസ് നടത്തിയിരുന്നത്. എന്നാൽ, ബോട്ട് നിർത്തലാക്കിയതോടെ നിരവധി യാത്രക്കാരാണ് പ്രയാസത്തിലായത്.
അതേസമയം, പൊന്നാനി-പടിഞ്ഞാറെക്കര റൂട്ടിൽ ജങ്കാർ സർവിസ് പുനരാരംഭിക്കാനുള്ള നീക്കവും നഗരസഭ നടത്തുന്നുണ്ട്. ജങ്കാർ സർവിസ് നടത്തുന്നവരുമായി ബന്ധപ്പെട്ട് ജങ്കാർ പൊന്നാനിയിലെത്തിച്ച് പുനരാരംഭിക്കാനാണ് ശ്രമം. നേരത്തേയുള്ള ജങ്കാറിന് യാത്ര കൂലിയിൽ വർധന ആവശ്യപ്പെട്ടതാണ് സർവിസ് നിലക്കാനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.