മലപ്പുറം: കാലവർഷം ജില്ലയിൽ സജീവമാകുന്നതോടൊപ്പം രോഗവ്യാപനവും വർധിക്കുന്നതായി ആരോഗ്യവകുപ്പ്. ജില്ലയിൽ നിലവിൽ സങ്കീർണമായ സാഹചര്യമില്ലെങ്കിലും കരുതൽ വേണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധയില്ലാത്തത് ജലജന്യരോഗങ്ങൾക്ക് ഹേതുവാകുന്നതിനാൽ കരുതൽ വേണം. ജലസ്രോതസ്സുകൾ പലതും മലിനമായതിനാൽ കുടിവെള്ള പദ്ധതികളിലേക്ക് മഴവെള്ളമെത്തി രോഗ പടർച്ചക്ക് കാരണമാകാനിടയുണ്ട്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ അടുത്തിടെ നിരവധി പേരാണ് ചികിത്സതേടിയത്.
• ഡെങ്കി, ചിക്കുൻ ഗുനിയ എന്നിവ തടയാൻ കൊതുകിന്റെ ഉറവിടം തന്നെ നശിപ്പിക്കണം
• രോഗവ്യാപന സ്ഥലങ്ങളിൽ
മാലിന്യം കെട്ടിക്കിടക്കുന്ന
സാഹചര്യം ഒഴിവാക്കണം
• തോട്ടങ്ങളിൽ ശുചീകരണ
പ്രവർത്തനം ഊർജിതമാക്കണം
• തിളപ്പിച്ചാറിയ വെള്ളം മാത്രം
കുടിക്കണം
• പഴകിയതും മൂടിവെക്കാത്തതുമായ ഭക്ഷണം കഴിക്കരുത്
ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിൽ ഇതുവരെ 411 പേരാണ് ചികിത്സ തേടിയത്. കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച എട്ട് സംഭവങ്ങളിലാണിത്. ഈ വർഷം 24 പേർക്ക് കോളറയും മൂന്നുപേർക്ക് വീതം ഷിഗല്ലെയും ഹെപ്പറ്റൈറ്റിസ് എയും ഒരാൾക്ക് ടൈഫോയ്ഡും ബാധിച്ചു. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കിയതിനാൽ മരണം ഒഴിവാക്കാനായി.
ജനുവരിയിൽ രണ്ടിടത്തുണ്ടായ ഭക്ഷ്യവിഷബാധയിൽ 85 പേർ ചികിത്സതേടി.
തേഞ്ഞിപ്പലത്ത് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത 60 പേർക്കും അങ്ങാടിപ്പുറത്ത് കാറ്ററിങ് ഭക്ഷണം കഴിച്ച 25 പേർക്കും ഭക്ഷ്യവിഷബാധയേറ്റു.
ഇതിൽ അഞ്ചുപേരിൽ നോറ വൈറസ് സാന്നിദ്ധ്യവും കണ്ടെത്തി. മാർച്ചിൽ മൂന്നിടത്തായി 119 പേരാണ് ചികിത്സ തേടിയത്. വഴിക്കടവിൽ ജലനിധി പൈപ്പ് ലൈൻ വെള്ളത്തിലൂടെ 24 പേർക്ക് കോളറയുണ്ടായി.
ഏപ്രിലിൽ രണ്ടിടത്തായി 59 പേർക്കാണ് ഹോട്ടൽ ഭക്ഷണത്തിലൂടെ ഭക്ഷ്യവിഷബാധയേറ്റത്. പൊന്മളയിൽ 19ഉം എ.ആർ. നഗറിൽ 23 പേരും. എ.ആർ നഗറിൽ ഷിഗല്ലെയും സാൽമോണെല്ലയും സ്ഥിരീകരിച്ചിരുന്നു. മേയിൽ കാലടിയിൽ വിവാഹ വിരുന്നിനിടെ കുടിവെള്ളത്തിലൂടെ 145 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ രണ്ടുപേർക്ക് ഷിഗെല്ലെയും ആറുപേരിൽ നോറോ വൈറസ് സാന്നിധ്യവും കണ്ടെത്തിയിരുന്നു.
ജില്ലയിൽ ഒരാഴ്ചക്കിടെ നിരവധി പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ വിവിധ ഗവ. ആശുപത്രികളിൽ ചികിത്സ തേടിയത്. മലയോര മേഖലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, പോരൂർ, എടവണ്ണ, പൊന്നാനി, ചാത്തല്ലൂർ, തൃക്കലങ്ങോട്, പാണ്ടിക്കാട്, ഊരകം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായുള്ളത്. കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൽ -52, കാളികാവ് -29, ചോക്കാട്ട് -10 എന്നിങ്ങനെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇത് യഥാക്രമം എട്ട്, അഞ്ച്, 12 എന്നിങ്ങനെയായിരുന്നു.
മൺസൂൺ മഴക്ക് പിന്നാലെ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചു. ഒരാഴ്ചക്കിടെ 6618 പേർക്ക് പനി ബാധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഇതിനു പുറമെയാണ്. പനി ബാധിച്ച് മൂന്നു ദിവസത്തിന് ശേഷവും കുറവില്ലെങ്കിൽ വീണ്ടും ചികിത്സ തേടി വിദഗ്ധ പരിശോധന നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.