തിരൂർ: തിരൂർ-മലപ്പുറം പ്രധാനപാതയിൽ തലക്കടത്തൂർ മുതൽ വൈലത്തൂർ വരെയുള്ള റോഡ് പ്രവൃത്തി മന്ദഗതിയിൽ. ഇതോടെ തലക്കടത്തൂർ മുതൽ ഓവുങ്ങൽ വരെ പൊടിശല്യവും രൂക്ഷമായിരിക്കുകയാണ്. പൊടിശല്യം രൂക്ഷമായതോടെ പ്രദേശത്തുള്ളവർ വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുകയാണ്.
ഇത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൈപ്പ് ലൈൻ പ്രവൃത്തി പൂർത്തിയായെങ്കിലും റോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. ഇതുമൂലം ഏതാനും ദിവസങ്ങളായി ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. രണ്ട് കിലോ മീറ്ററോളമാണ് റോഡ് പ്രവൃത്തി മൂലം ദിവസങ്ങളായി അടച്ചിട്ടിരിക്കുന്നത്. ഈ പ്രദേശത്തെ താമസക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. അധികൃതരുടെ ഈ നിസ്സംഗതക്കെതിരെ പ്രദേശത്തുള്ളവരും കച്ചവടക്കാരും പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങാൻ തയാറെടുക്കുകയാണ്.
മലപ്പുറം: വൈലത്തൂര്‍ മുതല്‍ തലക്കടത്തൂര്‍ വരെയുള്ള ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് ജില്ല ഭാരവാഹികള്‍ കലക്ടര്‍ക്ക് നിവേദനം നല്കി.
വാട്ടര്‍ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പ്രവൃത്തികള്‍ക്കായി കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി അഞ്ചുകിലോമീറ്റര്‍ റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഇതിലൂടെയുള്ള ബസുകളടക്കമുള്ള വാഹനങ്ങള്‍ പത്ത് കിലോമീറ്റര്‍ ദൂരം അധികമായി ഓടിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
കാടാമ്പുഴ, കോട്ടക്കല്‍, വളാഞ്ചേരി, ചെമ്മാട്, താനൂര്‍ റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ക്ക് ഇതുമൂലം വലിയ സാമ്പത്തിക നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നിവേദനത്തില്‍ പറഞ്ഞു. സമയത്തിന് ബസുകള്‍ ഓടിയെത്താന്‍ കഴിയാത്തത് മറ്റു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
റോഡ് അടച്ചിട്ട് കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന പ്രവൃത്തികള്‍ ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. യുദ്ധകാലടിസ്ഥാനത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജില്ല ജനറല്‍ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, ജില്ല വൈസ് പ്രസിഡന്റ് വാക്കിയത്ത് കോയ എന്നിവരാണ് നിവേദനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.