മലപ്പുറം: കള്ളവോട്ട് തടയുന്നതിനും ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 61 പ്രകാരം യഥാര്‍ഥ വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം ഉറപ്പ് വരുത്തുന്നതിനുമായി കമീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു. വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കമീഷന് അംഗീകരിച്ച 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നോ വോട്ട് ചെയ്യുന്നതിനായി പോളിങ് സ്റ്റേഷനില്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.
വോട്ടര്‍ ഐ.ഡി കാര്‍ഡിലെ ചെറിയ ക്ലറിക്കല്‍ പിശകുകള്‍, അക്ഷരത്തെറ്റുകള്‍ എന്നിവ വോട്ട് ചെയ്യുന്നതിന് തടസ്സമാകില്ല. മറ്റൊരു നിയമസഭ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ നല്കിയ വോട്ടര്‍ ഐഡിയാണെങ്കിലും വോട്ടര്‍ ഹാജരാകുന്ന ബന്ധപ്പെട്ട പോളിങ് സ്റ്റേഷനിലെ വോട്ടര്‍ പട്ടികയില്‍ ആ വോട്ടറുടെ പേര് കണ്ടെത്തിയാല്‍ തിരിച്ചറിയുന്നതിനായി അത്തരം രേഖ സ്വീകരിക്കുന്നതാണ്. അതേസമയം ഈ തിരിച്ചറിയല്‍ രേഖയിലെ ഫോട്ടോയില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശിക്കുന്ന മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.
ആധാര്‍ കാര്‍ഡ്, എം.എന്‍.ആര്.ഇ.ജി.എ (തൊഴിലുറപ്പ് പദ്ധതി)യിലെ തൊഴില്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് - പോസ്റ്റ് ഒാഫിസ് പാസ്ബുക്കുകള്‍, കേന്ദ്ര - തൊഴില്‍ മന്ത്രാലയം പുറത്തിറക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, നാഷനല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്, ഇന്ത്യന്‍ പാസ് പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്ഷന് രേഖ, സംസ്ഥാന - കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് നല്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, എം.പി, എം.എല്‍.എ, എം.എല്‍.സി (മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍സ്) എന്നിവരുടെ ഔദ്യോഗിക രേഖ എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. അതേസമയം പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയല്‍ രേഖയായി നിര്‍ബന്ധമായും അസല്‍ പാസ്പോര്‍ട്ട് കരുതണം.
പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിനായി എല്ലാ പോളിങ് ലൊക്കേഷനുകളിലും വീല്‍ചെയറുകളും വളൻറിയര്‍മാരുടെ സേവനവും ഒരുക്കും. വീല്‍ചെയറുകള്‍ മലപ്പുറം ഇനിഷ്യേറ്റിവ് ഇന്‍ പാലിയേറ്റിവ് കെയര്‍ മുഖേന സജ്ജമാക്കും. ഇതിനാവശ്യമായ സഹായങ്ങള്‍ ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്, മലപ്പുറം പരിവാര്‍ എന്നീ സന്നദ്ധ സംഘടനകള്‍ നല്‍കും. കൂടാതെ വളൻറിയര്‍മാരുടെ സേവനം മലപ്പുറം ട്രോമാകെയറും ലഭ്യമാക്കും. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വില്ലേജ് ഓഫിസര്‍മാര്‍ ഏകോപിപ്പിക്കും.
പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി (ആബ്സെൻറീ വോട്ടേഴ്സ്) പുതുതായി ഒരുക്കിയ പോസ്റ്റല്‍ വോട്ടിങ് നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലെ 16 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി ഈ വിഭാഗത്തില്‍ 96.17 ശതമാനം പോളിങ് രേഖപ്പെടുത്തി. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗബാധിതര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതുതായി തപാല്‍ വോട്ടിങ് സൗകര്യം ലഭ്യമായ ആബ്സെൻറീ വോട്ടേഴ്സ് വിഭാഗം. ജില്ലയില്‍ ഈ വിഭാഗത്തില്‍ തപാല്‍ വോട്ട് അനുവദിച്ചത് 28,190 പേര്‍ക്കായിരുന്നു.
ഇവരില്‍ 27,110 പേര് തപാല്‍ വോട്ടിങ് സൗകര്യം പ്രയോജനപ്പെടുത്തി. 1,080 പേര് വോട്ട് രേഖപ്പെടുത്തിയിട്ടില്ല. തപാല്‍ വോട്ടിനായി അപേക്ഷിച്ച 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 23,347 പേരായിരുന്നു. ഇവരില്‍ 22,440 പേര് വോട്ട് ചെയ്തു (96.12 ശതമാനം). ഭിന്നശേഷി വിഭാഗത്തില്‍ 4,764 വോട്ടര്‍മാരായിരുന്നു. ഇതില്‍ 4,598 പേര് വോട്ട് രേഖപ്പെടുത്തി (96.52 ശതമാനം). കോവിഡ് രോഗബാധിത വിഭാഗത്തില്‍ 79 പേരില്‍ 72 പേര് വോട്ട് ചെയ്തു (91.14 ശതമാനം).
നിയമസഭ തെരഞ്ഞെടുപ്പ് മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് എന്നിവയോടനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളിലേക്ക് കോവിഡ് പ്രൊട്ടക്ഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ 4,875 പോളിങ് ബൂത്തുകളിലേക്കുള്ള സാമഗ്രികളാണ് വിതരണം ചെയ്തത്. ഓരോ കിറ്റിലും ആറ് പി.പി.ഇ കിറ്റ്, 200 മാസ്ക്, ഒരു തെര്‍മോ മീറ്റര്‍, 2000 ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവയാണുള്ളത്. കിഫ്.ബി സ്പെഷല്‍ തഹസില്‍ദാര്‍ രഘുമണിയുടെ നേതൃത്വത്തിലാണ് കോവിഡ് സുരക്ഷ കിറ്റുകള്‍ വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.