തിരുനാവായ: കൊയ്ത്തുപാട്ടിന്റെ ഈരടിയിൽ താളംപിടിച്ച് കാഴ്ചക്കാർക്ക് ഹരം പകർന്നിരുന്ന നടീൽ കാഴ്ചകൾ നാട്ടിൻപുറങ്ങളിൽനിന്ന് അന്യമാവുന്നു. ഈ പണികൾ ഇപ്പോൾ ഉത്തരേന്ത്യൻ തൊഴിലാളികൾ കൈയടക്കി.
പരമ്പരാഗതമായി ഈ തൊഴിലെടുത്തിരുന്ന ഗ്രാമീണ സ്ത്രീകൾ തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നത് ഇവരെ ഇതിൽനിന്നും അകലാൻ കാരണമായി. ഒരു ഏക്കർ ഞാറുപറിച്ച് നടാൻ 5000 രൂപയാണ് ഇവർ കൂലിയായി വാങ്ങുന്നത്. ഒരുദിവസം 180ഓളം ഞാറ്റു പിടികൾ ഒരാൾ പറിച്ച് നടും. ഇവർക്ക് അകലം പാലിച്ചുനടുന്ന രീതിയാണുള്ളത്.
ഇത് നെല്ലിന് വായുസഞ്ചാരം കിട്ടുന്നതിനാൽ കൂടുതൽ വിളവ് ലഭിക്കാൻ ഗുണം ചെയ്യാറുണ്ടെന്ന് തിരുത്തിയിലെ പഴയകാല കർഷകൻ ചെറുപുത്തൂർ അബ്ദുല്ല പറയുന്നു. പൊൻമണി, ഉമ എന്നീ വിത്തുകളാണ് ഇപ്പോൾ ഇവിടങ്ങളിൽ നെൽകൃഷിക്കായി ഉപയോഗിക്കുന്നത്. ഒരു ഏക്കർ നടീൽ നടത്താൻ മണ്ണുകിളക്കലും നടീലും വളപ്ര യോഗവും ഉൾപ്പെടെ 35,000 രൂപയോളം ചെലവ് വരുന്നുണ്ടെന്ന് കർഷകർ പറയുന്നു. ഇടക്കിടെ ഉണ്ടാകുന്ന മഴകാരണം വെള്ളം പൊങ്ങി ഞാറുകൾ ചീയുന്നതും വിളവെടുക്കാൻ സമയത്ത് പെയ്യുന്ന മഴയിൽ നെൽകൃഷി വെള്ളത്തിൽ മുങ്ങുന്നതും കർഷരെ ഏറെ പ്രതി സന്ധിയിലാക്കാറുണ്ട്. ആയതിനാൽ കൃഷി ചെലവുകൾ സർക്കാർ വഹിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
അടുത്തകാലം വരെ വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നീ മൂന്ന് വിളകളും തിരുനാവായയിലെ പാടങ്ങളിൽ കൃഷി ചെയ്തിരുന്നു. ഒന്നാം വിളയായ വിരിപ്പ് ഇപ്പോൾ ഇവിടങ്ങളിൽ കൃഷി ചെയ്യുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.