ഊർങ്ങാട്ടിരി: പ്രളയ പുനരധിവാസ പദ്ധതി പ്രകാരം പുനരധിവാസത്തിനുള്ള മുഴുവൻ തുകയും ലഭിക്കാത്തതിനാൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ 19 കുടുംബങ്ങൾ ദുരിതത്തിൽ. പഞ്ചായത്തിലെ വെറ്റിലപ്പാറ വില്ലേജിലെ 68 കുടുംബങ്ങളെയാണ് 2019ലെ പ്രളയ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങൾ താമസയോഗ്യമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. ഒരു കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സി.എം.ഡി.ആർ.എഫിൽനിന്ന് 9,04,900 രൂപയും എസ്.ഡി.ആർ.എഫിൽനിന്ന് 95,100 രൂപയുമാണ് വീടും സ്ഥലവും വാങ്ങാൻ അനുവദിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ കവുങ്ങുംചോല, എടക്കാട്ടുപറമ്പ്, വിളക്കുപറമ്പ് എന്നിവിടങ്ങളിൽ പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും ആറുലക്ഷം രൂപ ചെലവിൽ അഞ്ചുസെൻറ് ഭൂമി സർക്കാർ വാങ്ങിച്ച് നൽകി. തുടർന്ന് വീടുവെക്കാനുള്ള ബാക്കി തുകയും ഉടൻതന്നെ അനുവദിച്ചെങ്കിലും 49 കുടുംബങ്ങൾക്ക് മാത്രമാണ് ഇത് ലഭിച്ചത്. ഓടക്കയം കൊടുംപുഴ ആദിവാസി കോളനിയിലെ കുടുംബങ്ങൾ ഉൾപ്പെടുന്ന 19 കുടുംബങ്ങൾക്കാണ് രണ്ടുവർഷമായി ബാക്കിയുള്ള നാലുലക്ഷം രൂപ ലഭിക്കാഞ്ഞത്. കുടുംബങ്ങൾ രണ്ടുവർഷമായി അധികൃതരെ നിരന്തരം സമീപിക്കുന്നുണ്ടെങ്കിലും പണം നൽകാൻ നടപടിയുണ്ടാകുന്നില്ല. നിലവിൽ ഏതുനിമിഷവും നിലംപൊത്തും എന്ന അവസ്ഥയിലുള്ള വീടുകളിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. പുറമെ പ്രദേശത്ത് വന്യജീവി ശല്യവും രൂക്ഷമാണ്.
ദുരിത സാഹചര്യത്തിൽ പുനരധിവാസത്തിന് അനുവദിച്ച ബാക്കി നാലുലക്ഷം രൂപ എത്രയുംവേഗം സർക്കാർ അനുവദിച്ചുനൽകണമെന്ന് ഓടക്കയം കൊടുപ്പുഴ ആദിവാസി കോളനിയിലെ ശാരദ ബാബു പറഞ്ഞു. ഈ കുടുംബങ്ങളുടെ അവസ്ഥ വളരെ ദുരിതം നിറഞ്ഞതാണ് അതുകൊണ്ട് അടിയന്തരമായി സർക്കാർ ഇവർക്കുള്ള വീടുവെക്കാനുള്ള തുക എത്രയും വേഗം അനുവദിക്കണമെന്ന് ഓടക്കയം വാർഡ് അംഗം പി.എസ്. ജിനേഷ് ആവശ്യപ്പെട്ടു. നിലവിൽ ഈ കുടുംബങ്ങൾക്ക് നൽകേണ്ട ബാക്കിയുള്ള ഗുണഭോക്ത വിഹിതമായ നാലുലക്ഷം രൂപയിൽ 95,100 രൂപ എസ്.ഡി ആർ.എഫിൽനിന്നുമാണ് ലഭിക്കേണ്ടത്. ഇത് ലഭിക്കാത്തതാണ് ഇവരുടെ ഗുണഭോക്ത വിഹിതം വൈകാൻ ഇടയാക്കിയത് എന്ന് ഏറനാട് തഹസിൽദാർ ടി.എൻ. വിജയൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.