ഊർങ്ങാട്ടിരി: ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ ആദിവാസി വിദ്യാർഥികൾ പഠിക്കുന്ന ഓടക്കയം ജി.യു.പി സ്കൂളിൽ ഓരോ അധ്യയന വർഷം കഴിയുംതോറും വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തി. ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മാത്രം 83 വിദ്യാർഥികൾ ഉണ്ടായിരുന്ന സ്കൂളിൽ അധ്യയന വർഷം അവസാനിക്കാനിരിക്കെ 76 കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് വിവരാവകാശരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓടക്കയം യു.പി സ്കൂളിലും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായി കണ്ടത്തിയത്. തുടർന്ന് ഇതിന്റെ കാരണങ്ങൾ കണ്ടെത്താൻ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ആദിവാസി ഊരുകളിൽ സന്ദർശനം നടത്തിയിരുന്നു. കിലോമീറ്ററോളം കാൽനടയായും വാഹനങ്ങളിലും യാത്രചെയ്താണ് അധ്യാപകർ ഈ ആദിവാസി ഊരുകളിൽ എത്തിയത്. തുടർന്ന് രക്ഷിതാക്കളോടും വിദ്യാർഥികളോടും കാര്യങ്ങൾ ആരാഞ്ഞപ്പോഴാണ് കാര്യങ്ങളുടെ സ്ഥിതിഗതികൾ അധ്യാപകർക്ക് ബോധ്യമായത്. പൂർണമായും വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കൊടുപ്പുഴ, കുരീരി, നെല്ലിയായി, ഈന്തു പാലി, മാകുളം പണിയ കോളനി എന്നിവിടങ്ങളിൽനിന്നാണ് ഓടക്കയം യു.പി സ്കൂളിലേക്ക് പ്രധാനമായി വിദ്യാർഥികൾ എത്തുന്നത്.
എന്നാൽ, ഈ കോളനികളിൽനിന്ന് വിദ്യാർഥികൾക്ക് കാടിറങ്ങി കിലോമീറ്ററോളം കാൽനടയായി വേണം സ്കൂളിലെത്താൻ. ഇതിനുപുറമെ സ്കൂൾവിട്ട് വരുമ്പോഴും പോകുമ്പോഴും കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ ഉയർത്തുന്ന ആശങ്കയുമുണ്ട്. ഇതാണ് കോളനികളിൽ നിന്ന് വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുന്നത് കുറയാൻ ഈടാക്കിയതെന്ന് അധ്യാപകരുടെ കോളനി സന്ദർശനത്തിന് ശേഷമുള്ള കണ്ടെത്തൽ. എന്നാൽ, ഈ പ്രശ്നം പ്രദേശത്ത് നേരത്തെ തന്നെ നിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കാൻ ആധുനികരീതിയിലുള്ള ഹോസ്റ്റൽ 1996ൽ ഐ.ടി.പിയുടെ നേതൃത്വത്തിൽ നിർമിച്ചിരുന്നു. എന്നാൽ ഈ കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമാണം കാരണം ആറു വർഷം മാത്രമാണ് ഇതിൽ വിദ്യാർഥികൾക്ക് താമസിക്കാൻ സാധിച്ചത്. നാൽപതിൽ കൂടുതൽ വിദ്യാർഥികൾ അന്ന് ഈ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്നു.
എന്നാൽ, 2001ൽ ഈ കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമാണം കാരണം ഒരു ഭാഗം നിലംപതിച്ചിരുന്നു. പിന്നീട് ഈ ഹോസ്റ്റൽ സമീപത്തെ സ്വകാര്യ കെട്ടിടങ്ങളിലേക്ക് മാറ്റിയെങ്കിലും 20 വർഷമായി ഈ കെട്ടിടം കാടുമൂടി ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. എന്നാൽ, സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോസ്റ്റൽ ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല. ഇതാണ് പ്രധാനമായും സ്കൂളിൽ വിദ്യാർഥികളുടെ എണ്ണം കുറയാനിടയാക്കിയതെന്ന് ഓടക്കയം ജി.യു.പി സ്കൂളിലെ പ്രധാനാധ്യാപകൻ പ്രശാന്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.