ഊർങ്ങാട്ടിരി: ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയായ ഓടക്കയത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിൽ. മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാടിറങ്ങി കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് കൃഷിയാണ് നശിപ്പിച്ചത്. കൂരങ്കല്ല്, വീട്ടികുണ്ടു, നെല്ലിയായി കൊടുമ്പുഴ കോളനികളിലും എത്തി ഭീതി പരത്തുകയാണ്. ഇതോടെ പകൽ സമയങ്ങളിലും രാത്രി സമയങ്ങളിലും മേഖലയിലെ പ്രദേശവാസികൾക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും പ്രദേശവാസികളുടെ നേതൃത്വത്തിൽ കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
വനംവകുപ്പിന്റെ നേതൃത്വത്തിലും വിവിധതരത്തിലുള്ള പരിശ്രമങ്ങൾ കാട്ടാനക്കൂട്ടത്തെ കാടുകയറ്റാൻ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഇതോടെയാണ് കർഷകരും പ്രദേശവാസികളും കൂടുതൽ ആശങ്കയിലായത്. കാട്ടാന ശല്യം തടയുന്നതിന് വനാതിർത്തിയിൽ സോളാർ തൂക്കുവേലി, ട്രഞ്ച് തുടങ്ങിയവ സ്ഥാപിക്കുക, ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുക, നഷ്ടപ്പെട്ട കാർഷിക വിളകൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക. കാട്ടാനക്കൂട്ടം പോകുന്നതുവരെ മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രദേശവാസികൾ മുന്നോട്ടുവെക്കുന്നത്. സംഭവത്തിൽ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു തരത്തിലുള്ള നടപടിയും വനംവകുപ്പ് ഉൾപ്പെടെയുള്ള അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ കൊടുമ്പുഴ വനംവകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്ന് വാർഡ് അംഗം പി.എസ്. ജിനേഷ് പറഞ്ഞു.
ഓരോ ദിവസം കഴിയുന്തോറും ഇവിടെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. റബർ, തെങ്ങ് കവുങ്ങ് ഉൾപ്പെടെയുള്ള മറ്റ് എല്ലാ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്. പുലർച്ച സമയങ്ങളിൽ ടാപ്പിങ്ങിന് ഇറങ്ങാൻ പോലുംകഴിയാതെ വലിയ രീതിയിലുള്ള ദുരിതമാണ് ഞങ്ങൾ അനുഭവിക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ അധികൃതർ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിച്ച് കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള നടപടി അടിയന്തരമായി ഉണ്ടാകണമെന്ന് പ്രദേശവാസികളും ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് ഓടക്കയത്ത് അഞ്ചിന് സർവകക്ഷി യോഗവും ചേരും. ഈ യോഗത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.