വണ്ടൂർ (മലപ്പുറം): വാക്സിന് നൽകാതെ വാക്സിന് സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് കൊടുത്ത് നിലമ്പൂര്‍ ജില്ല ആശുപത്രിയിലെ വാക്സിനേഷൻ സെൻറര്‍ അധികൃതര്‍. തിരുവാലി പത്തിരിയാല്‍ എലിയക്കോട് ഉണ്ണികൃഷ്ണനാണ് വാക്സിനെടുക്കാതെ ആദ്യഡോസ് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സംഭവത്തില്‍ അധികൃതര്‍ ഗുരുതരവീഴ്ച വരുത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ ആരോഗ്യവകുപ്പിന് പരാതി നൽകി.
കഴിഞ്ഞ 25നാണ് പത്തിരിയാലിലെ യൂത്ത് കെയറിെൻറ ഹെല്‍പ്പ് ഡെസ്കില്‍നിന്ന് ഉണ്ണികൃഷ്ണന് കോവിഷീല്‍ഡിനായി അപേക്ഷ നൽകിയത്. 26ന് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ സ്ലോട്ട് ലഭിച്ചു. എന്നാല്‍, ശനിയാഴ്ച സമ്പൂര്‍ണ ലോക്ഡൗണായതിനാല്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണ്ണികൃഷ്ണന് ആശുപത്രിയില്‍ എത്താനായില്ല.
തിങ്കളാഴ്ച വീണ്ടും ഹെല്‍പ്പ് ഡെസ്കിലെത്തി മറ്റൊരു തീയതിക്കായി ശ്രമിക്കുമ്പോഴാണ് വാക്സിന് സ്വീകരിച്ചതായി വെബ്സൈറ്റില്‍ കണ്ടത്. 26ന് സ്വീകരിച്ച ഡോസിെൻറ ബാച്ച് നമ്പറും രണ്ടാം ഡോസിെൻറ തീയതിയും വാക്സിന് നൽകിയ ആരോഗ്യപ്രവര്‍ത്തകയുടെ പേരുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
ആധാര്‍ നമ്പറും റഫറന്‍സ് ഐ.ഡിയുമെല്ലാം ഒത്തുനോക്കി മാത്രം നൽകുന്ന വാക്സിന് വിതരണത്തില്‍ ഇത്തരമൊരു പിഴവ് സംഭവിച്ചത് എങ്ങനെയെന്നത് സംബന്ധിച്ച് ജില്ല ആശുപത്രിയിലെ വാക്സിനേഷന് സെൻറര്‍ അധികൃതര്‍ക്കും കൃത്യമായ മറുപടി നൽകാനാവുന്നില്ല.
കാര്യങ്ങളില്‍ കൃത്യമായ മറുപടി നൽകാന് പോലും ആശുപത്രി അധികൃതർ തയാറായില്ലെന്നും ഇതു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും ആരോപിച്ച് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിക്കും ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.