വണ്ടൂർ: ഓൺലൈൻ കൗൺസലിങ് നൽകാമെന്ന് പറഞ്ഞ് കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന വ്യാജ അധ്യാപകർ രംഗത്ത്. വെള്ളിയാഴ്ച വാണിയമ്പലം ഹൈസ്കൂളിലെ വിദ്യാർഥിനിക്ക് വന്ന ഫോൺ കോളിെൻറ അടിസ്ഥാനത്തിൽ പ്രധാനാധ്യാപകൻ വണ്ടൂർ സി.ഐക്ക് പരാതി നൽകി.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു വിദ്യാർഥിനിക്ക് ഇൻറർനെറ്റ് മുഖേന ഫോൺവിളി വന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണത്തിന് കൗൺസലിങ് നടത്താൻ വേണ്ടിയാണ് വിളിച്ചത് എന്ന മുഖവുരയോടെയാണ് സംസാരം തുടങ്ങിയത്. തുടർന്ന് കുട്ടിയുടെ വിവരങ്ങൾ തേടി. വാണിയമ്പലം സ്കൂളിലാണ് പഠിക്കുന്നതെന്ന് കുട്ടി പറഞ്ഞതോടെ ഞാൻ വിളിക്കുന്നതും അതേ സ്കൂളിൽ നിന്നാണെന്ന് പറഞ്ഞു. ഓൺലൈൻ പഠനത്തിന് പുറമേ ആഴ്ചയിൽ ദിവസം 30 മിനിട്ട് കൗൺസലിങ് ഉണ്ടായിരിക്കുമെന്നും ഇതിനായി സ്വന്തമായി ഫോൺ ഇല്ലെങ്കിൽ ഫോൺ നൽകുമെന്നും അറിയിച്ചു.
പിന്നീട് കുട്ടിയോട് പേനയും നോട്ട്ബുക്കും എടുത്ത് ആളുകളുടെ ഇടയിൽനിന്നും മാറി മുറിക്കുള്ളിൽ വാതിലടച്ച് കുറ്റിയിട്ട് ഇരിക്കാൻ നിർദേശം നൽകി. പിന്നീട് ഏതൊക്കെ വിഷയങ്ങളാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നത് എന്ന് ചോദിച്ചറിഞ്ഞു.
ഒരുപാട് കുട്ടികൾ ഉള്ളതിനാൽ സോഷ്യൽമീഡിയയിൽ പ്രൊഫൈൽ പിക്ചർ കുട്ടിയുടെ ചിത്രം വെക്കണമെന്നായിരുന്നു അടുത്ത നിർദേശം. പിന്നീട് പേര് ചോദിച്ചതോടെ സംശയം തോന്നി രക്ഷിതാവിന് ഫോൺ കൈമാറുകയായിരുന്നു. ഇതോടെ വിളിച്ചയാൾ ഫോൺ കട്ടാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.