വണ്ടൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ മൂന്നുകോടി രൂപ ചെലവഴിച്ച് നിർമിച്ച വാണിയമ്പലം ഹൈസ്കൂൾ കെട്ടിടത്തിന് പഞ്ചായത്ത് പ്രവർത്തനാനുമതി നൽകുന്നില്ലെന്ന് പരാതി. നിസ്സാരമായ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് പ്രവർത്തനാനുമതി നൽകാത്ത പഞ്ചായത്ത് അധികൃതരുടെ നിലപാട് തിരുത്തണം എന്ന് ആവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി രംഗത്ത്.
2018ലാണ് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് വാണിയമ്പലം സ്കൂളിന് കെട്ടിടം നിർമിക്കാൻ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപ അനുവദിച്ചത്. എന്നാൽ, സ്ഥലപരിമിതി ഉൾപ്പെടെയുള്ള വിഷയങ്ങൾ കാരണം പദ്ധതി നീണ്ടുപോയപ്പോൾ നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ ഫുട്ബാൾ മേളയിലൂടെ സ്ഥലം വാങ്ങുന്നതിനാവശ്യമായ പണം കണ്ടെത്തുകയായിരുന്നു. മൂന്ന് നിലകളിലായി 15 ക്ലാസ് മുറികളുള്ള കെട്ടിടത്തിന് നിലവിൽ കെട്ടിട നമ്പറിട്ടു നൽകാനും ഒക്യൂപൻസി സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ നൽകാനും പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ല എന്നാണ് പരാതി.
2018 ൽ എല്ലാ സാങ്കേതിക അനുമതിയും വാങ്ങി നിർമാണ പ്രവർത്തനം ആരംഭിച്ച കെട്ടിടത്തിന് 2019ൽ വന്ന പുതിയ കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനാനുമതി നിഷേധിക്കുന്നത് എന്നാണ് ആരോപണം. ഇതിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം രക്ഷിതാക്കളെ അണിനിരത്തി നടത്തുമെന്നും സി.പി.എം ഭാരവാഹികൾ അറിയിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.ടി. മുഹമ്മദാലി, ലോക്കൽ സെകട്ടറി ടി.പി. ഇബ്രാഹിം, ലോക്കൽ സെന്റർ അംഗം ഒ. നൗഷാദ്, പി.ടി.എ അംഗങ്ങളായ എം. ഫിറോസ് ഖാൻ, വി.എം. അസ്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.