വണ്ടൂർ: ആരും തിരിഞ്ഞു നോക്കാതെ മലയോരമേഖലക്ക് നാണക്കേടായി വാണിയമ്പലം ടൗൺ സ്ക്വയർ. പഞ്ചായത്ത് സ്ഥലത്ത് ടൂറിസം വകുപ്പ് കെട്ടിടവും മിനി പാർക്കും പണികഴിപ്പിച്ചു എന്നു പറയുമ്പോഴും കാര്യങ്ങളിൽ അടിമുടി ദുരൂഹതയാണ്. വാണിയമ്പലം സ്വദേശി ഒ. ഷാജഹാൻ ഓംബുട്സ്മാന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൻ പഞ്ചായത്തിനോട് കെട്ടിടം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയായില്ല.
നാലര കോടി ചെലവഴിച്ച് ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ടൂറിസം വകുപ്പ് ആവശ്യമായ രേഖകളില്ലാതെ നിർമിച്ചതാണ് വാണിയമ്പലം ടൗൺ സ്ക്വയർ. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ ഏറേ പിന്നിട്ടിട്ടും നാടിന് ഇതുകൊണ്ട് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല.
പഞ്ചായത്ത് വിട്ടുനൽകാത്ത ഭൂമിയിൽ ടൂറിസം വകുപ്പ് എങ്ങനെ വർഷങ്ങൾക്ക് മുമ്പ് ഇത്രയും വലിയ തുക ചെലവഴിച്ച് പാർക്കും കെട്ടിടങ്ങളും നിർമിച്ചു എന്നതാണ് ചോദ്യം. ടൗൺ സ്ക്വയറിന്റെ പേരിൽ നടന്നത് വലിയ തീവെട്ടിക്കൊള്ളയെന്ന് സി.പി.എം ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാക്ക് ആരോപിച്ചു.
അതേസമയം, പദ്ധതി മനപ്പൂർവം വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. ഏഴു മുറികളാണ് ടൗൺ സ്ക്വയറിലെ കെട്ടിടത്തിലുള്ളത്. റൂം അഡ്വാൻസ്, വാടക എന്നീ ഇനങ്ങളിലായി കോടിക്കണക്കിന് രൂപയാണ് ഇതിനകം പഞ്ചായത്തിന് നഷ്ടമായത്. ഓംബുഡ്സ്മാൻ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് തയാറാകാത്തതും വിവാദമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.