വണ്ടൂർ: ജില്ല പഞ്ചായത്ത് പഠിച്ചപണി 18ഉം പയറ്റിയിട്ടും പ്രവർത്തിപ്പിക്കാൻ കഴിയാത്തൊരു വാതക ശ്മശാനം ഉണ്ട് വണ്ടൂരിൽ. അധികൃതരുടെ അനാസ്ഥ കാരണം നിർമാണ പ്രവർത്തനങ്ങൾ 15 വർഷം നീണ്ടു. ഒടുവിൽ ഉദ്ഘാടനം കഴിഞ്ഞ് ഗ്രാമപഞ്ചായത്തിന് താക്കോൽ കൈമാറിയിട്ടും വാങ്ങി വെച്ചതല്ലാതെ മറ്റൊന്നും ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞവർഷം ഒക്ടോബർ 20നാണ് ജില്ല പഞ്ചായത്ത് നിർമാണം പൂർത്തിയാക്കിയ കേന്ദ്രം വണ്ടൂർ പഞ്ചായത്തിന് കൈമാറിയത്.
വണ്ടൂർ അമ്പലപ്പടിയിൽ പഞ്ചായത്തിന്റെ സ്ഥലത്ത് 15 വർഷങ്ങൾക്ക് മുമ്പാണ് ജില്ല പഞ്ചായത്ത് വാതക ശ്മശാനത്തിന്റെ നിർമാണം തുടങ്ങിയത്. മൂന്ന് ജില്ല പഞ്ചായത്ത് അംഗങ്ങളും ഏഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും നിർമാണ സമയത്ത് ചുമതലയിൽ ഉണ്ടായിരുന്നു. പലതവണകളിലായി വിവിധ ജില്ല പഞ്ചായത്ത് അംഗങ്ങൾ 50 ലക്ഷത്തോളം രൂപ നിർമാണത്തിന് വകയിരുത്തിയിട്ടുണ്ട്.
ഇവിടേക്ക് വൈദ്യുതി കണക്ഷൻ എടുക്കാൻ സി.പി. സിറാജിന്റെ നേതൃത്വത്തിലുള്ള വണ്ടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പണം അടച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം തന്റെ വകയായി വാട്ടർ ടാങ്കും നൽകി. നിലവിലെ ജില്ല പഞ്ചായത്ത് അംഗമായ കെ.ടി. അജ്മൽ കേന്ദ്രം തുറക്കാനായി സ്വന്തം നിലയിലടക്കം തുക ചെലവഴിച്ചും രംഗത്തിറങ്ങിയാണ് നിർമാണം പൂർത്തീകരിച്ചത്. ഏറ്റെടുത്ത് അഞ്ചുമാസം ആയിട്ടും ഒന്നും ചെയ്യാൻ പഞ്ചായത്ത് അധികൃതർക്കായിട്ടില്ല. നിലവിൽ പുതിയ ഭരണസമിതിയാണ് പഞ്ചായത്തിൽ. വണ്ടൂരിലെ വാതക ശ്മശാനം എത്രയും പെട്ടെന്ന് പ്രവർത്തിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പുതിയ ഭരണസമിതി ഉടൻ രംഗത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.