വണ്ടൂർ: ശാന്തിനഗർ അത്താണിക്കലിലെ ബിവറേജസ് ഔട്ട് ലെറ്റ് കാരണം പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാവുന്നതായി പരാതി. നാട്ടിൻപുറത്തെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങി തൊട്ടടുത്ത റബർ തോട്ടങ്ങളിലും ബസ് സ്റ്റോപ്പിലുമൊക്കെയായി അന്തിയുറങ്ങുന്നവരെക്കൊണ്ട് പൊറുതിമുട്ടിയതായി നാട്ടുകാർ പറയുന്നു. ഇത്തരക്കാർ രാത്രിയിൽ റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളെ അടക്കം ശല്യം ചെയ്യുന്നതായും പരാതികളുണ്ട്. ആളൊഴിഞ്ഞ പ്രദേശത്താണ് ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 22നാണ് കേന്ദ്രം ഇവിടെ പ്രവർത്തനം ആരംഭിച്ചത്. ദൂരസ്ഥലങ്ങളിൽ നിന്നടക്കം ആളുകൾ വാഹനങ്ങളിൽ എത്തി മദ്യം വാങ്ങിയശേഷം വാഹനത്തിൽ ഇരുന്നും തൊട്ടടുത്ത ഒഴിഞ്ഞ പറമ്പുകളിലുമായും കൂട്ടമായി മദ്യപിച്ച് രാത്രി ഏറെ വൈകിയും തമ്പടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ സ്ത്രീകളെ ശല്യംചെയ്ത രണ്ടുപേരെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തിരുന്നു.
പൊലീസ് പോയശേഷം സമാനസംഭവം അരങ്ങേറിയതോടെ വീണ്ടും പൊലീസ് എത്തി മറ്റൊരാളെ കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേന്ദ്രം ഇവിടെനിന്ന് മാറ്റണമെന്നാണ് സമീപവാസികളുടെ ആവശ്യം. ഇക്കാര്യം നാട്ടുകാർ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അടക്കം പരാതി നൽകിയിരുന്നു. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബിവറേജസ് ജനറൽ മാനേജർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.