വണ്ടൂർ: സംസ്ഥാന പുരസ്കാര നിറവിൽ കുറ്റിയിൽ ആശ്രയ സ്പെഷൽ സ്കൂൾ. കൂടുതൽ ഭിന്നശേഷിക്കാരെ തൊഴിലെടുക്കാൻ പരിശീലിപ്പിക്കുകയും ജോലി നൽകുകയും ചെയ്തതിന് ഉൾപ്പെടെയാണ് പുരസ്കാരം. തൃശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി പ്രഫ. ആർ. ബിന്ദു പുരസ്കാരം കൈമാറി. മൊത്തം സംസ്ഥാന അവാർഡുകളിൽ 18 ഇനങ്ങളിൽ ഏഴെണ്ണത്തിലും മലപ്പുറം ജില്ലയാണ് ഒന്നാമത്. ഇതിൽ സ്ഥാപന ഇനത്തിലും വ്യക്തി ഇനത്തിലുമാണ് ആശ്രയ സ്കൂൾ രണ്ട് അവാർഡുകൾ നേടിയത്. അന്തരിച്ച ജനകീയ ഡോക്ടർ പി. അബ്ദുൽ കരീം മുൻകൈയെടുത്ത് 2002ൽ ആണ് ആശ്രയ സ്പെഷൽ സ്കൂൾ തുടങ്ങിയത്. 12 വിദ്യാർഥികളാണ് തുടക്കത്തിലുണ്ടായിരുന്നത്. ഇന്ന് 102 വിദ്യാർഥികളും 11 അധ്യാപക -അനധ്യാപക ജീവനക്കാരുമുണ്ട്.
നിലവിൽ ക്ലർക്ക്, ആയ, വാച്ചർ, കുക്ക് തസ്തികകളിൽ ഭിന്നശേഷിക്കാരാണ് ജീവനക്കാരായുള്ളത്. 2021 വർഷത്തെ ഭിന്നശേഷിക്കാരെ നിയമിച്ച മികച്ച തൊഴിൽ സ്ഥാപനത്തിനുള്ള അവാർഡാണ് സ്കൂൾ നേടിയത്. രണ്ടാമതായി വ്യക്തി ഇനത്തിൽ സ്കൂളിലെ ആയയായ ടി. സീനത്തിനുമാണ് പുരസ്കാരം.
വിദ്യാർഥികൾക്ക് പേപ്പർ കവർ, ഫയൽ തുടങ്ങിയവ നിർമിക്കാനുള്ള പരിശീലനം നൽകുന്നുണ്ട്. വാർത്തസമ്മേളനത്തിൽ രക്ഷാധികാരി പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ചെയർമാൻ കെ.ടി. മുഹമ്മദ്, ഇ. അബ്ബാസ്, സെക്രട്ടറി എം. സുബൈർ, പി. ഇബ്രാഹിം ഹാജി, കെ.ടി. അക്ബർ അലി എന്ന കുഞ്ഞിമാൻ ഹാജി, അക്ബർ കുമാര, എൻ. നാസർ ഹുസൈൻ, ഡോ. സുലൈമാൻ, പി. യൂനുസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.