കിഴിശ്ശേരി: പ്രിയപ്പെട്ടവരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അറുതിയായി വീരാൻകുട്ടി കുടുംബസമേതം തറവാട്ടു വീട്ടിലെത്തി. 34 വർഷം മുമ്പ് നാടുവിട്ട മുണ്ടംപറമ്പ് പുൽപറമ്പൻ വടക്കേക്കണ്ടി പരേതനായ അഹമദ് കുട്ടി ഹാജിയുടെ മകൻ വീരാൻകുട്ടി എന്ന ബീച്ചിയെയും കുടുംബത്തെയും കാണാൻ നൂറുകണക്കിന് പേർ തറവാട്ട് വീട്ടിൽ എത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് വീരാൻകുട്ടി കുടകിൽ ജീവിച്ചിരിക്കുന്നുണ്ടെന്ന വിവരം നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. കുഴിമണ്ണ കാരാട്ടുപറമ്പ് പൊക്കാനാളി അബ്ദുൽ ഹക്കീം അഹ്സനിയുടെ ഓൺലൈൻ ക്ലാസാണ് പുനഃസമാഗമത്തിന് വഴിതിരിവായത്. ക്ലാസിലെ വിദ്യാർഥിയായിരുന്ന കുടക് സ്വദേശിയായ മരുമകൻ സകരിയയിൽനിന്ന് തിരോധാന വിവരം അറിഞ്ഞ അഹ്സനി കുഴിമണ്ണ പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പിൽ ഫോട്ടോ സഹിതം സന്ദേശം പോസ്റ്റ് ചെയ്തു. പരേതയായ ബിയ്യകുട്ടിയാണ് മാതാവ്. സ്വത്തുക്കൾ അനന്തരാവകാശം ചെയ്തപ്പോൾ ലഭിച്ച വീരാൻകുട്ടിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി സഹോദരങ്ങൾ സംരക്ഷിച്ചു വന്നിരുന്നു.
2016ൽ വീരാൻകുട്ടിയെന്ന് കരുതി ഒരാളെ ബന്ധുക്കൾ അജ്മീറിൽനിന്ന് നാട്ടിലെത്തിച്ച് പരിചരിച്ചിരുന്നു. അജ്മീരിൽ സന്ദർശനത്തിനെത്തിയ നാട്ടുകാരായ രണ്ടുപേരാണ് അവശനും രോഗിയുമായിരുന്ന വീരാൻകുട്ടി എന്ന ഒരു വ്യക്തിയെ കണ്ടെത്തിയത്. അവർ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ അജ്മീറിൽ എത്തി നാട്ടിലെത്തിച്ചു വിദഗ്ധ ചികിത്സ നൽകി. ഒറിജിനൽ വീരാൻകുട്ടി അല്ലെന്നു തിരിച്ചറിഞ്ഞെങ്കിലും ചികിത്സ നടത്തി പൂർണ സുഖം പ്രാപിച്ച ശേഷം അജ്മീറിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. ദീർഘകാലം മഹല്ല് പ്രസിഡൻറായിരുന്ന പി.വി. കുഞ്ഞിമുട്ടി ഹാജി, മഹല്ല് ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുറഹ്മാൻ ഹാജി, മഹല്ല് ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി, പി.വി. ഉമ്മർട്ടി, ഉസ്മാൻ, ബിച്ചിപ്പാത്തു പൊറ്റമ്മകുന്നത്ത്, കദീസക്കുട്ടി മലയിൽ, പാത്തുമ്മകുട്ടി വാക്കലോടി, ആയിശ കുട്ടി വേട്ടാളംകണ്ടി, ആമിനക്കുട്ടി കൊളക്കണ്ടത്തിൽ, പാത്തുമ്മ ചിറപ്പാലം എന്നിവരാണ് സഹോദരങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.