മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം. ജില്ലയില്‍ നാലു കേന്ദ്രങ്ങളാണുള്ളത്. പൊന്നാനി ലോക്സഭ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളജിലും മലപ്പുറം ലോക്സഭ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ മലപ്പുറം ഗവ. കോളജിലും നടക്കും. അതത് മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളും ഈ കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും എണ്ണുക.
വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ ചുങ്കത്തറ മാര്‍ത്തോമ കോളജിലും വണ്ടൂര്‍ നിയമസഭ മണ്ഡലത്തിന്റേത് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കൻഡറി സ്കൂളിലുമാണ് നടക്കുക. വയനാട് ലോക്സഭ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും മുട്ടില്‍ ഡബ്ലു.എം.ഒ ആട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് എണ്ണുന്നത്. പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലുമാണ് എണ്ണുക.രാവിടെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും.
കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമീഷന് പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാർഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാര്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരും നിര്‍ദിഷ്ട ടേബിള്‍ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫിസര്‍ നല്‍കും. വോട്ടെണ്ണല്‍ മുറിക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അധികാരമില്ല.
25 ശതമാനം റിസര്‍വ് അടക്കം ആകെ 989 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ജോലിക്കായി ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 ടേബിളുകളാണ് ഉണ്ടാവുക. ഏറനാട്, മങ്കട നിയമസഭ മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണാന്‍ രണ്ട് ഹാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടുയന്ത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകള്‍ എണ്ണാനായി 218 ഉം പോസ്റ്റല്‍ ബാലറ്റ് എണ്ണാനായി 31 ഉം അടക്കം ആകെ 249 കൗണ്ടിങ് ടേബിളുകളാണ് ജില്ലയിലെ നാല് കേന്ദ്രങ്ങളിലുമായി സജ്ജീകരിക്കുക. മൂന്ന് ഘട്ട റാന്ഡമൈസേഷന് വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ഓരോ മണ്ഡലത്തിന്റെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ അതത് മണ്ഡലങ്ങളിലെ വരണാധികാരികൾ സന്ദര്‍ശിച്ച് ഒരുക്കം വിലയിരുത്തി.
വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ സ്ട്രോങ് റൂമുകള്‍ തുറക്കപ്പെടും. റിട്ടേണിങ് ഓഫിസര്‍, അസി. റിട്ടേണിങ് ഓഫിസര്‍, സ്ഥാനാർഥികള്‍ അല്ലെങ്കില്‍ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമീഷന് നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വിഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക. ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫിസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളില്‍ വോട്ടുയന്ത്രങ്ങളിലെവോട്ടുകള് എണ്ണിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.