കൃഷി മാത്രമല്ല, ജീവനുംകൂടി സംരക്ഷിക്കേണ്ട അവസ്ഥയിലാണ് കാളികാവിലും ചോക്കാടുമൊക്കെയുള്ളവർ. കാടിറങ്ങിവരുന്ന വന്യമൃഗങ്ങള്‍ കൃഷിനാശം വരുത്തുന്നതിനുപുറമെ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി ആളുകളെ ആക്രമിക്കുന്നത് പതിവുകാഴ്ചയാണിവിടെ. കാട്ടുപന്നികൾ കടകളിേലക്കുവരെ ഇരച്ചെത്തി ആളുകളെ ആക്രമിക്കുന്നത് വ്യാപകമായിട്ടുണ്ട്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും ആക്രമണത്തിനിരയായി. വനമേഖലയിലാണ് വന്യമൃഗശല്യം വ്യാപകമായി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ജനവാസമുള്ളിടത്ത് കാട്ടുപന്നികളുടെ ആക്രമണം നിത്യസംഭവമാണ്. കര്‍ത്തേനി കീപ്പട ഭാഗത്ത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേരെ ആക്രമിച്ചത്. അഞ്ചച്ചവിടി മൂച്ചിക്കല്‍ പ്രദേശത്ത് രണ്ടുകടകൾ തകർക്കുകയും ചെയ്തു. പെവുന്തറയില് പുഴയിലേക്ക് കുളിക്കാന്‍ പോയ ആളെ മാരകമായി പരിക്കേല്പിച്ചു.
നശിപ്പിച്ചത് ഏക്കര്‍ കണക്കിന് കൃഷി
ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലായി നശിപ്പിക്കപ്പെട്ടത് ഏക്കര്‍ കണക്കിന് വിളകളാണ്. ചോക്കാട് പഞ്ചായത്തിലെ മരുതങ്ങാട്, വേപ്പിന്‍കുന്ന്, കുറിഞ്ഞിയമ്പലം, നെല്ലിക്കര, നാല്പത് സെൻറ് ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്. കുറിഞ്ഞിയമ്പലത്ത് തോമസ് ജോര്‍ജ് വടക്കേതില്‍ എന്ന കര്ഷകൻ ഓരോവര്‍ഷവും വന്‍നഷ്ടമാണ് നേരിടുന്നത്. നാല്പത് സെൻറ് ഭാഗത്ത് അതിഥി തൊഴിലാളിയടക്കം രണ്ടുപേരെ കാട്ടാന കൊന്നു. മഞ്ഞപ്പെട്ടി, കൂരിപ്പൊയില്‍, മാളിയേക്കല്‍ ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ വ്യാപക വിള നാശം വരുത്തിയിട്ടുണ്ട്. കാളികാവ് പഞ്ചായത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ പതിഞ്ച് ഏക്കറോളം കപ്പ കൃഷിയാണ് പന്നികള്‍ നശിപ്പിച്ചത്. ഇതിനുപുറമെ പത്ത് ഏക്കര്‍ വാഴയും അഞ്ചേക്കറോളം നെല്‍കൃഷിയും ഇല്ലാതാക്കി. നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാറുണ്ടെന്ന് ചോക്കാട് കൃഷി ഓഫിസര്‍ എബിന തോമസ് പറയുന്നു. എന്നാൽ, കർഷകർക്ക് മറിച്ചാണ് പറയാനുള്ളത്.
ഇരുമ്പുഴി വടക്കുംമുറിയിലും പന്നികൾ!
മലയോര മേഖല അല്ലാതിരുന്നിട്ടും കാട്ടുപന്നികളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി വടക്കുംമുറിയിലെ കർഷകർ. പ്രദേശത്തെ കുന്നിൻ ചെരുവിലും മറ്റുമാണ് ഇവ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വാഴ, കപ്പ, ചേന, ചേമ്പ് എന്നിവയാണ് നശിപ്പിക്കുന്നത്. നേരത്തേയും പന്നി ശല്യം ഉണ്ടായിരുന്നു. എന്നാൽ, അടുത്ത ദിവസങ്ങളിലായി കൂട്ടത്തോടെയാണ് എത്തുന്നത്. ഒരുമാസത്തിനിടെ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. പാട്ട ഭൂമിയിൽ കൃഷിചെയ്യുന്ന പലരും നഷ്ടം കാരണം ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. പയ്യനാട് മേഖലയിലും നിരവധി വാഴകൾ പന്നികൾ നശിപ്പിച്ചിരുന്നു.
വനംവകുപ്പ് നടപടി ശക്തമാക്കണം
കാട്ടുമൃഗശല്യം തടയാൻ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗോപി താളിക്കുഴി. നിലമ്പൂര്‍ സൗത്ത് ഡി. എഫ്.ഒയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പതിവ് നടപടികള്‍ കൊണ്ട് കാര്യമില്ല. കാട്ടുപന്നികളെ കൊല്ലാൻ ലൈസന്‍സുള്ള ആളുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. തോക്കുള്ളവരുടെ പട്ടിക പഞ്ചായത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ജാഗ്രതസമിതി യോഗം ചേർന്ന് കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാൻ നടപടിവേണം.
കിടങ്ങുകൾ കീറി പന്നികളെ തടയും
ചോക്കാട് പഞ്ചായത്തില്‍ വന്യമൃഗ ശല്യം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ഷൗക്കത്ത് പറഞ്ഞു. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടങ്ങുകള്‍ കീറി കാട്ടുപന്നികളെ തടയുന്ന പദ്ധതി പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്. ഗ്രീന്‍നെറ്റ് ബലത്തിലും ഉറപ്പിലും സ്ഥാപിച്ചും കാട്ടുപന്നികളെ തടയും. കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും പ്രസിഡൻറ് പറഞ്ഞു.
കാട്ടുപന്നികളെ കൊല്ലാന്‍ നടപടി ഊർജിതമാക്കി
വന്യമൃഗശല്യം തടയാന്‍ വനംവകുപ്പ് കഴിയാവുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കാളികാവ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ പി. രാമദാസ്. മൂന്ന് മാസത്തിനിടെ നൂറിലേറെ പന്നികളെ കൊന്നു. നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി റേഞ്ചര്‍ പറഞ്ഞു.
വന്യമൃഗങ്ങളില്‍നിന്ന് രക്ഷിക്കണം
കര്‍ഷകരെ രക്ഷിക്കാന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അടക്കാകുണ്ടിലെ കര്‍ഷനും പൊതുപ്രവർത്തകനുമായ അപ്പച്ചന് തേക്കും തോട്ടത്തില്‍ പറഞ്ഞു. ജനവാസ പ്രദേശങ്ങളില്‍ പോലും കാട്ടുപന്നികളെത്തി ആളുകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവാണെന്നും ഇത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം നല്‍കണം
കര്‍ഷകര്‍ക്ക് യഥാസമയം നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘടന നേതാവ് എ.പി. രാജന് കല്ലാമൂല ആവശ്യപ്പെട്ടു. കല്ലാമൂല വനമേഖലയിലെ കാട്ടാന ശല്യവും ചോക്കാട് പഞ്ചായത്തിലെ കാട്ടുപന്നി ശല്യവും തടയണം.
ഉണ്ടാകുന്നത് വലിയ ബാധ്യത
ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി വടക്കുംമുറി സ്വദേശിയാണ് അബ്ദുൽ ബഷീർ. പത്തുവർഷത്തിലേറെയായി കൃഷി രംഗത്തുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയിൽ ഭീമമായ സംഖ്യ ചെലവിട്ടാണ് കൃഷിചെയ്യുന്നത്. ഇതിനുപുറമെ തൊഴിലാളികൾക്കുള്ള കൂലിയും നൽകണം. മുമ്പ് 2500 നേന്ത്രവാഴ കൃഷി ചെയ്തിരുന്നു. ഇപ്പോൾ 1400 വാഴ ഉണ്ട്. 1300ഓളം വലിയ ചേമ്പും ചേനയും ഇടവിളയായി കൃഷി ചെയ്തിരുന്നു. ചേമ്പും ചേനയും മുഴുവനായും വാഴകൾ ഭാഗികമായും കാട്ടുപന്നികൾ നശിപ്പിച്ചു. വലിയ സാമ്പത്തിക ബാധ്യതയാണ് വരുന്നത്. മുന്നോട്ടുപോകാനാകുന്നില്ല. ആ ഭാഗത്തെ കൃഷി നിർത്തിവെക്കാനാണ് തീരുമാനം. അധികൃതരുടെ ഭാഗത്തുനിന്നും നഷ്ടപരിഹാരം ലഭിക്കണം. തുടരും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.