പാലക്കാട്: ‘ഡിജിറ്റൽ അറസ്റ്റി’ലൂടെ പാലക്കാട് സ്വദേശിയായ റിട്ട. ഗവ. ഉദ്യോഗസ്ഥനിൽനിന്ന് 1.35 കോടി തട്ടിയ കേസിൽ കർണാടക സ്വദേശി അറസ്റ്റിൽ. ബീദർ സ്വദേശി സച്ചിൻ (29) ആണ് അറസ്റ്റിലായത്. മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാലക്കാട് സ്വദേശിയുടെ മൊബൈൽ നമ്പർ, ആധാർകാർഡ് തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പൊലീസ് വേഷം ധരിച്ച് വിഡിയോ കാളിൽ പ്രത്യക്ഷപ്പെട്ട് മുംബൈ പൊലീസ് ഇൻസ്പെക്ടർ ആണെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തട്ടിയെടുത്ത പണത്തിൽ 55 ലക്ഷം രൂപ കൈമാറിയ വ്യാജ വ്യാപാരസ്ഥാപനത്തിന്റെ പേരിലുണ്ടാക്കിയ ബാങ്ക് അക്കൗണ്ട് കൈകാര്യംചെയ്തയാളാണ് സച്ചിൻ. മൊബൈൽ നമ്പറുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കർണാടക-തെലങ്കാന അതിർത്തി ഗ്രാമത്തിൽ നിന്നാണ് പാലക്കാട് സൈബർ ക്രൈം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഒരു അക്കൗണ്ടിലൂടെ മാത്രം നാലരക്കോടിയിലേറെ രൂപ വന്നു പോയതായി പ്രാഥമികമായി അറിയാനായതായി പൊലീസ് അറിയിച്ചു. ബാക്കി വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിവരുകയാണ്.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രസാദിന്റെ മേൽനോട്ടത്തിൽ പാലക്കാട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്.ഐമാരായ ജെ. ജമേഷ്, വി. രാജേഷ്, എ.എസ്.ഐ എം. മനേഷ്, സി.പി.ഒ പി.വി. പ്രേംകുമാർ എന്നിവരടങ്ങിയ പ്രത്യേക സൈബർ അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.