യൂനിഫോം തയ്​ച്ചുനൽകാനില്ല; മാസ്ക്കിലേക്ക്​ ചുവടുമാറ്റി ആദിവാസി പെൺകൂട്ടായ്​മ

അഗളി: കോവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരല്‍ പാര്‍ക്കിലൂടെ വനിതകള്‍ നിര്‍മിച്ചത് 15,000ത്തോളം മാസ്‌ക്​. പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗക്കാരായ 18നും 45നും ഇടയില്‍ പ്രായമുള്ള വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച സ്വയംതൊഴില്‍ പരിശീലന പദ്ധതിയാണ് അപ്പാരല്‍ പാര്‍ക്ക്.

സംസ്ഥാനത്തെ വിവിധ മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക്​ യൂനിഫോം തയ്ച്ചുനല്‍കി വരുമാനം കണ്ടെത്തിയിരുന്ന വനിതകള്‍ക്ക് ലോക്ഡൗണ്‍ വന്നതോടെ വീട്ടിലിരിക്കേണ്ട സ്ഥിതിയായി. സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നത് പ്രതിസന്ധിയിലായതോടെയാണ് ഇവര്‍ മാസ്​ക്​ നിര്‍മാണത്തിലേക്ക്​ കടന്നത്.

ഐ.ടി.ഡി.പിയുടെ സഹായത്തോടെ മാസ്‌ക് നിര്‍മാണം ആരംഭിക്കുകയും 15,000ത്തോളം മാസ്‌ക്​ സംസ്ഥാനത്തെ വിവിധ ട്രൈബല്‍ ഡെവലപ്മെൻറ്​ ഓഫിസുകള്‍ മുഖേനയും അട്ടപ്പാടി മേഖലയിലെ സര്‍ക്കാര്‍ ഓഫിസുകളിലൂടെയും വിപണിയിലെത്തിക്കുകയും ചെയ്തു.

മാസ്‌ക് ഒന്നിന് 12 രൂപ നിരക്കിലാണ് നല്‍കിയത്. അപ്പാരല്‍ പാര്‍ക്കിലൂടെ ആദ്യഘട്ടം പരിശീലനം ലഭിച്ച 100ഓളം സ്ത്രീകള്‍ ചേര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ അപ്പാരല്‍ പാര്‍ക്ക് എന്ന പേരില്‍ അഗളി മിനി സിവില്‍ സ്​റ്റേഷനില്‍ സൊസൈറ്റി രൂപവത്​കരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റിയിലേക്ക് എത്താന്‍ കഴിയാത്തവര്‍ വീടുകളിലിരുന്നും മാസ്‌കുകള്‍ തയ്ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.