അഗളി: കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ആശുപത്രി നിർവഹണ സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന 134 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാർ പ്രകാരമുള്ള 179 ദിനങ്ങൾ പൂർത്തിയായതോടെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് പിരിച്ചുവിടലെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു.
എന്നാൽ, ജോലിയിൽ പ്രവേശിച്ച് രണ്ടുമാസം മാത്രം പൂർത്തിയാക്കിയവരെയും പിരിച്ചുവിട്ട നടപടി വിവാദമായി. പിരിച്ചുവിട്ട ജീവനക്കാരിൽ ചിലരെ മാത്രം എൻ.എച്ച്.എം വഴി തിരികെ എടുത്തിട്ടുണ്ട്. എന്നാൽ, ഈ കാര്യത്തിൽ സുതാര്യത ഉണ്ടായിട്ടിെല്ലന്ന് ആക്ഷേപമുണ്ട്. പലരെയും ഏകപക്ഷീയമായി ഒഴിവാക്കുകയായിരുന്നെന്ന് പറയുന്നു. അസി. സർജൻ ഉൾപ്പെടെ സ്റ്റാഫ് നഴ്സുമാർ, ഫാർമസിസ്റ്റുകൾ, അക്കൗണ്ടൻറുകൾ, ഒ.പി അസിസ്റ്റൻറുമാർ, ബൈസ്റ്റാൻഡർമാർ, റേഡിയോഗ്രാഫർമാർ മറ്റ് ടെക്നിക്കൽ ജീവനക്കാർ തുടങ്ങിയവർ പിരിച്ചുവിടപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്.
ജീവനക്കാരിൽ ഭൂരിഭാഗം പേരെയും കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയോഗിച്ചപ്പോൾ തൊഴിൽ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നില്ല. കരാർ വെക്കാനായി 200 രൂപയുടെ സ്റ്റാമ്പ് പേപ്പർ അധികൃതർ ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിയെങ്കിലും കരാറിൽ ഏർപ്പെട്ടിട്ടില്ല. ആശുപത്രിയുടെ നിലവിലെ പ്രവൃത്തനത്തിൽ സുതാര്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. 50 ശതമാനത്തിലധികം തുക ആശുപത്രി നിർവഹണ സമിതി ജീവനക്കാരുടെ ശമ്പളത്തിനായി െചലവഴിക്കുന്നതിനെതിരെ ഓഡിറ്റ് റിപ്പോർട്ടിലും പരാമർശമുണ്ടായി. ഒരുമിച്ച് ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ടത് ആശുപത്രിയുടെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.