അലനല്ലൂർ: നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്ന മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനാതിര്‍ത്തികളില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പരിശോധന നടത്തി. വനാതിര്‍ത്തികളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള പരിഹാരമാര്‍ഗം കണ്ടെത്താനായിരുന്നു സന്ദര്‍ശനം.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കാഞ്ഞിരംകുന്ന്, തിരുവിഴാംകുന്ന് ഫാം, പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ വേലിക്കാട് ഭാഗം, കൂടാതെ സൈലന്റ് വാലി വനാതിര്‍ത്തില്‍ മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ സ്ഥലങ്ങളിലുമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡി. ജയപ്രസാദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സമ്പൂര്‍ണ വന്യജീവി പ്രതിരോധ പദ്ധതി നടപ്പാക്കാൻ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം ഫോറസ്റ്റ് ഡിവിഷന് നിര്‍ദേശം നല്കി.
നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ കോട്ടോപ്പാടം, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, പൊറ്റശ്ശേരി ഭാഗങ്ങളിലൂടെയാണ് ഏറെയും കടന്നുപോകുന്നത്. കോട്ടോപ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്നില്‍ 650 മീറ്റര്‍ നിക്ഷിപ്ത വനഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കുന്നുണ്ട്. വൈല്‍ഡ് ലൈഫ് സി.സി.എഫ് ഷബാബ്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ആഷിക്ക് അലി, റേഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍, സൈലന്റ് വാലി റെയ്ഞ്ച് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് പ്രസാദ്, ഭവാനി റേഞ്ച് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍. ഗണേശന്, തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ. സുനില്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വന്യജീവികള്‍ക്ക് കാടിനുള്ളില്‍ തീറ്റയും വെള്ളവും ഉറപ്പാക്കാനുള്ള സംവിധാനങ്ങളും, അതോടൊപ്പം കാടിറങ്ങുന്നത് തടയാന്‍ വനാതിര്‍ത്തികളില്‍ വിവിധതരം പ്രതിരോധവേലികള്‍, പ്രത്യേക ദ്രുതപ്രതികരണ സേന തുടങ്ങിയവക്ക് മുന്‍ഗണന നല്‍കിയുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.