ചിറ്റൂർ: തമിഴ്നാട് റേഷൻ കടകളിൽ സൗജന്യമായി വിതരണം ചെയ്യുന്ന അരി കേരളത്തിലെത്തിച്ച് കോടികളുടെ വെട്ടിപ്പ്. കേരളത്തിലെ കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി സർക്കാറിന് നൽകുന്നതിെൻറ മറവിലാണ് കൃത്രിമം.
മികച്ച വിപണിയും വിലയുമുള്ള പാലക്കാടൻ മട്ടക്ക് പകരം തമിഴ്നാട്ടിൽനിന്നുള്ള റേഷനരിയാണ് മില്ലുകൾ നെല്ല് സംഭരിച്ച ശേഷം തിരികെ നൽകുന്നത്.
സർക്കാർ സംവിധാനങ്ങളുപയോഗിച്ച് സബ്സിഡി ഉപയോഗപ്പെടുത്തി ഏറ്റെടുക്കുന്ന നെല്ലിന് ഹാൻഡ്ലിങ് ചാർജുൾപ്പെടെ മികച്ച ലാഭം മില്ലുകൾക്ക് ലഭിക്കുന്നുണ്ടെങ്കിലും കൃത്രിമം കാണിച്ച് അമിത ലാഭം നേടുകയാണ്. ഒരു കിലോ നെല്ല് കർഷകരിൽനിന്ന് സംഭരിച്ചാൽ മില്ലുടമ 640 ഗ്രാം അരി സർക്കാറിന് നൽകണം. 2.14 രൂപ കൈകാര്യ ചെലവിനത്തിൽ സർക്കാറിൽനിന്ന് ലഭിക്കും. പാലക്കാട് ജില്ലയുടെ മാത്രം കണക്കെടുത്താൽ ഭൂരിഭാഗം കർഷകരും നെല്ല് നൽകുന്നത് സപ്ലൈകോക്കാണ്.
കൃഷി വകുപ്പിെൻറ കണക്കുകൾ പ്രകാരം 98 ശതമാനം കർഷകരും വിളവെടുപ്പ് കാലത്ത് രജിസ്റ്റർ ചെയ്യാറുണ്ട്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർ അല്ലാത്തവരെല്ലാം സപ്ലൈകോയുമായി കരാറിലുള്ള മില്ലുകൾക്ക് നെല്ല് നൽകുകയും അവരത് അരിയാക്കി സർക്കാറിന് നൽകുകയും ചെയ്യുന്നുവെങ്കിൽ പാലക്കാടൻ മട്ട പൊതുവിപണിയിൽ സുലഭമാവുന്നതെങ്ങനെയെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.
സപ്ലൈകോക്ക് വേണ്ടി ഏറ്റെടുക്കുന്ന നെല്ല് അരിയാക്കി സ്വന്തം ബ്രാൻഡിൽ വിപണിയിലിറക്കുകയോ മറിച്ചുവിൽക്കുകയോ ചെയ്ത് വില കുറഞ്ഞ അരി മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് സർക്കാറിന് നൽകുകയാണെന്നുറപ്പ്. അല്ലെങ്കിൽ പാലക്കാടൻ മട്ട എന്ന പേരിൽ വിപണിയിലുള്ളത് വ്യാജ അരിയായിരിക്കണം. വിഷയത്തിൽ മാധ്യമം അന്വേഷണം നടത്തിയെങ്കിലും ഉദ്യോഗസ്ഥർക്കും മില്ലുടമകൾക്കും കൃത്യമായ മറുപടി നൽകാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.