ചിറ്റൂർ: കൊക്കകോളയെന്ന കുത്തകഭീമനെ സമരപോരാട്ടത്തിലൂടെ അടിയറവ് പറയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മയിലമ്മയുടെ ഓർമകൾക്ക് 18 വർഷം പിന്നിടുമ്പോൾ ആ മുന്നണിപ്പോരാളിയെ മറന്ന മട്ടിലാണ് പരിസ്ഥിതി സംഘടനകളും നേതാക്കളും. കൊക്കകോളയുടെ ജലചൂഷണത്തിനും പാരിസ്ഥിതിക വിനാശങ്ങൾക്കുമെതിരെ പോരാട്ടം നടത്തി ചരിത്രത്തിലിടം നേടിയ ആദിവാസി വീട്ടമ്മയായ മയിലമ്മ (69) മരിച്ചത് 2007 ജനുവരി ആറിനാണ്.
മണ്ണും ജലവും മലിനമാക്കാനെത്തിയ കുത്തകഭീമനെ വീട്ടമ്മമാരെ അണിനിരത്തി വിറപ്പിക്കാൻ അവർക്കായി. മാസങ്ങൾക്ക് ശേഷമാണ് രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിന്തുണയുമായെത്തിയത്. സമീപവാസികളായ വീട്ടമ്മമാരുടെയും സാമൂഹിക പ്രവർത്തകരുടെയും പിന്തുണയോടെ നടന്ന സമരത്തിനും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ 2004 മാർച്ചിൽ കമ്പനി അടച്ചുപൂട്ടി.
1937 ആഗസ്റ്റ് പത്തിന് പാലക്കാട് മുതലമട പഞ്ചായത്തിൽ ആട്ടയാംപതിയിലെ ഇരവാളർ സമുദായാംഗമായ രാമൻ-കുറുമാണ്ട ദമ്പതികളുടെ മകളായാണ് മയിലമ്മ ജനിച്ചത്. പതിനഞ്ചാമത്തെ വയസ്സിൽ പെരുമാട്ടി പഞ്ചായത്തിലുള്ള വിജയനഗർ കോളനിയിലെ മാരിമുത്തുവിന്റെ ഭാര്യയായെത്തുമ്പോൾ നീണ്ട സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകേണ്ടിവരുമെന്ന് മയിലമ്മ കരുതിയിരുന്നില്ല. ജലക്ഷാമവും ജലസ്രോതസ്സുകൾ മലിനമാകുന്നതും അവരെ ഏറെ ചിന്തിപ്പിച്ചു.
പ്ലാച്ചിമടയെ ഊറ്റിക്കുടിക്കുന്നത് കൊക്കകോള എന്ന കുത്തക ഭീമനാണെന്ന് കണ്ടെത്തിയ മയിലമ്മ ജലചൂഷണത്തിനെതിരെ 2002 ഏപ്രിൽ 22ന് ആദിവാസികളെ സംഘടിപ്പിച്ച് പ്രതീകാത്മക സമരത്തിന് നേതൃത്വം നൽകി. സമരക്കാർ ഫാക്ടറി ഉപരോധിക്കുകയും നീണ്ട പോരാട്ടങ്ങളെ തുടർന്ന് ഫാക്ടറിയുടെ ലൈസൻസ് റദ്ദാക്കി പഞ്ചായത്ത് സമരക്കാർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കൊക്കകോള കമ്പനി പ്രവർത്തനം നിലച്ചെങ്കിലും ചുരുങ്ങിയ വർഷങ്ങൾകൊണ്ട് പരിസ്ഥിതിക്കേൽപ്പിച്ച ആഘാതം ചെറുതല്ല. ജലവും മണ്ണും മലിനമായതിന് നഷ്ട പരിഹാരം തേടി 2011ൽ അന്നത്തെ ഇടതുപക്ഷ സർക്കാർ പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ എങ്ങുമെത്താതെ കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.