പുതുനഗരം: സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് വർധിക്കുന്നു. പുതുനഗരം, കൊടുവായൂർ, പെരുവെമ്പ്, പട്ടഞ്ചേരി, വടവന്നൂർ എന്നീ പഞ്ചായത്തുകളിലെ പൊതുസ്ഥലങ്ങളിലാണ് മാലിന്യം വലിച്ചെറിയുന്നത് വീണ്ടും വർധിച്ചത്.
അഞ്ച് പഞ്ചായത്തുകളും ലക്ഷങ്ങൾ ചെലവഴിച്ചാണ് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ, കാമറകൾ സ്ഥാപിച്ച പ്രദേശത്തുതന്നെ വീണ്ടും മാലിന്യം വലിച്ചെറിയുന്നത് വർധിച്ചിരിക്കുകയാണ്.
പട്ടഞ്ചേരി പഞ്ചായത്തിന്റെ ഒന്നാംവാർഡിൽ ഉൾപ്പെടുന്ന പ്രദേശത്താണ് സി.സി.ടി.വി കാമറ സ്ഥാപിച്ച പ്രദേശത്തുതന്നെ ഇറച്ചി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വലിച്ചെറിയുന്നത്. ഈ പ്രദേശത്ത് നാട്ടുകാർക്കും വാഹനങ്ങളിൽ പോകുന്നവർക്കും മാലിന്യം വലിച്ചെറിയുന്നത് വലിയ ദുരിതമായിട്ടുണ്ട്.
മീങ്കര കനാൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനാൽ നീരൊഴുക്കും തടസ്സപ്പെടുന്നുണ്ട്. പാടങ്ങളിൽ ജോലിയെടുക്കുന്ന കർഷക തൊഴിലാളികൾക്ക് കാലിൽ ചൊറിയും നീറ്റലും ഉണ്ടാകുന്നതായി പറയുന്നു. ഇറച്ചിമാലിന്യവും പഴകിയ ആഹാരപദാർഥങ്ങളും പ്ലാസ്റ്റിക് കവറുകളിൽ വലിച്ചെറി യുന്നതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമായത്. കൊടുവായൂർ വളവിലും പുതുനഗരം-പെരുവെമ്പ് പുതുനഗരം-വടവന്നൂർ പഞ്ചായത്തിന്റെ അതിർത്തിയിലും പുതുനഗരം-പട്ടഞ്ചേരി പഞ്ചായത്തിന്റെ അതിർത്തിയിലും പുതുനഗരം-ചിറ്റൂർ നഗരസഭ അതിർത്തിയിലും മാലിന്യം പുലർച്ച സമയങ്ങളിൽ വലിച്ചെറിയുകയാണ്.
സി.സി.ടി.വി കാമറകൾ രാത്രിയിലും ചിത്രങ്ങൾ കൃത്യമായി പതിയുന്ന രീതിയിലുള്ള ആധുനിക കാമറകൾ സ്ഥാപിക്കണമെന്നും എല്ലാ സമയത്തും നിരീക്ഷിക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.എന്നാൽ, ചില പഞ്ചായത്തുകൾ കാമറകൾ കൃത്യമായ നിരീക്ഷിക്കുന്നുണ്ടെങ്കിലും ചില പഞ്ചായത്തുകൾ നിരീക്ഷണത്തിലെ അലംഭാവമാണ് മാലിന്യം കാമറകൾക്ക് മുന്നിലും വലിച്ചെറിയാൻ വഴി വച്ചതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.