പാലക്കാട്: സ്വകാര്യ-പൊതുപങ്കാളിത്തത്തോടെ വൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതിൽ മാർഗനിർദേശം നൽകാനും ടെൻഡർ നടപടികൾക്കുമുള്ള ഏജൻസിയായി എസ്.ബി.ഐ കാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെ (എസ്.ബി.ഐ കാപ്സ്) തിരഞ്ഞെടുക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനം.
രണ്ട് വർഷത്തേക്ക് 60 ലക്ഷം രൂപയും ജി.എസ്.ടിയും നൽകാമെന്ന ധാരണയിലാണ് എസ്.ബി.ഐ കാപ്സുമായി ധാരണപത്രം ഒപ്പിടുക. ഇതിന്റെ ചുമതല ചീഫ് എൻജിനീയറെ ഏൽപിച്ച് ഉത്തരവിറങ്ങി.
2030ഓടെ 10000 മെഗാവാട്ട് സ്ഥാപിതശേഷി എന്ന ലക്ഷ്യത്തിലേക്കുള്ള 45,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലക്ഷ്യമിട്ടുള്ള ടെൻഡർ പ്രവർത്തനങ്ങൾ ഇനിമുതൽ എസ്.ബി.ഐ കാപ്സ് ആണ് ഏറ്റെടുക്കുക. പമ്പ്ഡ് സ്റ്റോറേജ്, ചെറുകിട ജലവൈദ്യുതി പദ്ധതികൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ ലേല നിബന്ധനകൾ, താൽപര്യപത്രം ക്ഷണിക്കൽ, പദ്ധതികളിൽ പങ്കാളിത്തം ആഗ്രഹിക്കുന്ന കമ്പനികളുമായുള്ള കൂടിക്കാഴ്ച, അനുമതിപത്രം ഒപ്പുവെക്കൽ, മൂലധനം സ്വരൂപിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഉപദേശകരായി കാപ്സ് പ്രവർത്തിക്കും. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ (പി.പി.പി മാതൃക) പദ്ധതികൾ നടപ്പാക്കി സ്വയംപര്യാപ്തമാകാനുള്ള ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായാണ് നീക്കത്തെ വിലയിരുത്തുന്നത്.
കെ.എസ്.ഇ.ബി സർക്കാർ-കെ.എസ്.ഇ.ബി സംയുക്ത സംരംഭമായ റിന്യൂവബ്ൾ പവർ കോർപറേഷൻ കേരള ലിമിറ്റഡിനെ (ആർ.പി.സി.കെ.എൽ.) കേരള സ്റ്റേറ്റ് ഗ്രീൻ എനർജി കമ്പനിയാക്കി ബോണ്ടുകളിറക്കിയും നിക്ഷേപം സ്വീകരിച്ചും സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള ചെയർമാന്റെ നിർദേശത്തിന്റെ തുടർച്ചയായാണ് എസ്.ബി.ഐ കാപ്സുമായുള്ള ധാരണപത്രം ഒപ്പുവെക്കുന്നത്. 2030ഓടെ 10000 മെഗാവാട്ട് സ്ഥാപിത ശേഷിയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ മൂന്ന് മുതൽ ഏഴ് വർഷത്തിനുള്ളിൽ 45,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.