പാലക്കാട്: നെന്മാറയിലെ മലയോരമേഖലയിൽ കൃഷിക്കാരനായ ചാർലി മാത്യുവും ആദിവാസി വിഭാഗത്തിൽപെട്ട സഹസ്രനാമവും സുഹൃത്തുക്കളും ഏതാനും ദിവസങ്ങൾക്ക് മുമ്പ് കലക്ടറേറ്റിലെത്തിയത് ഒരുപിടി ആവശ്യങ്ങളുമായാണ്. കാട്ടുപന്നി ആക്രമണത്തിൽ മരിച്ച കർഷകെൻറ കുടുംബത്തിന് നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നതു മുതൽ വന്യജീവി ശല്യത്തിൽ ശാശ്വതമായ പരിഹാരങ്ങൾ ആരായണമെന്നതു വരെ ആവശ്യങ്ങൾ, പ്രതിഷേധത്തിലേക്ക് വഴിമാറിയതോടെ അടിയന്തര നടപടികൾ ഉറപ്പുനൽകി അധികൃതർ കർഷകസംഘത്തെ അനുനയിപ്പിച്ച് പറഞ്ഞയച്ചു.
നഷ്ടവും ദുരിതവും വിളയുന്ന കാർഷിക മേഖലയിൽ ജീവിതം തന്നെ ചോദ്യചിഹ്നമാകുന്ന കർഷകരുടെ ചോദ്യചിഹ്നമാണിവർ. തദ്ദേശീയ ഭരണകൂടങ്ങൾ മുതൽ എം.പിമാരും എം.എൽ.എമാരുമടക്കമുള്ളവർക്ക് മുന്നിൽ എക്കാലവും കീറാമുട്ടിയാണ് ജില്ലയിലെ കാർഷിക പ്രതിസന്ധികൾ. കാർഷിക ജില്ലയായിട്ടും ഇവിടെ ഒരു പ്രത്യേക പാക്കേജ് അവതരിപ്പിക്കാൻ പോലും ഭരണകൂടത്തിനായിട്ടില്ല. വന്യജീവികൾ മുതൽ പ്രതികൂല കാലാവസ്ഥ വരെ വില്ലനാകുമ്പോൾ കർഷകർക്ക് സമര രംഗത്തിറങ്ങേണ്ടി വരുന്ന അവസ്ഥയാണ്.
പ്രതികൂല കാലാവസ്ഥയും വനനശീകരണവും ആവാസവ്യവസ്ഥക്ക് ഒട്ടൊന്നുമല്ല വെല്ലുവിളിയായത്. ജില്ലയിൽ കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷികമേഖലകളിലെല്ലാംതന്നെ വന്യമൃഗ ശല്യം കർഷകർക്ക് വെല്ലുവിളിയാണ്. കാട്ടുപന്നിയും മയിലും ആനയുമെല്ലാം കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയതോടെ പ്രതിസന്ധിയിലായ കർഷകരിൽ പലരും കൃഷിതന്നെ ഉപേക്ഷിച്ചു. കാട്ടുപന്നി ശല്യം വർധിച്ചതോടെ പുതിയതായി തെങ്ങിൻതൈകൾ പോലും നടാനാവാത്ത സ്ഥിതി.
നടുന്ന തൈകൾ പന്നികൾ കുത്തിമറിച്ചിടും. കർഷകരിൽ പലരും ഭക്ഷ്യവിള കൃഷി നിർത്തി. കപ്പയും മധുരക്കിഴങ്ങും നട്ട കൃഷിയിടങ്ങളിൽ പലതിലും കമുകും റബറുമടക്കം പരീക്ഷിക്കേണ്ട സ്ഥിതിയാണെന്ന് കല്ലടിക്കോട് സ്വദേശി ജോസ് പറയുന്നു. വനമേഖലകൾ സുരക്ഷിത വേലികെട്ടി സംരക്ഷിക്കുക മാത്രമാണ് പോംവഴിയെന്നാണ് അട്ടപ്പാടി മേലെ കണ്ടിയൂർ സ്വദേശി മധു 'മാധ്യമ'ത്തോട് പറഞ്ഞത്. വനമേഖലയിലെ വിഭവങ്ങൾ കുറഞ്ഞതോടെ മയിലുകൾ കൂട്ടമായി കൃഷിയിടങ്ങളിലേക്ക് എത്തുന്നത് പുതൂർ പഞ്ചായത്ത് അടക്കമുള്ളിടങ്ങളിൽ കർഷകർക്ക് ഒട്ടൊന്നുമല്ല തലവേദനയാവുന്നത്. ഇതിനെല്ലാം പുറമേയാണ് കാട്ടാന ആക്രമണം.
ജില്ലയിൽ നെൽകൃഷിയടക്കം വ്യാപകമായ കൃഷിനാശമാണ് കാട്ടാനകളുണ്ടാക്കുന്നതെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. വനാതിർത്തികളിലെ കൃഷിരീതികൾ മാറേണ്ടിയിരിക്കുന്നുവെന്ന് കെ.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞനായ ഡോ. പി. ബാലകൃഷ്ണൻ പറഞ്ഞു. നാട്ടിലെ രുചികൾ ശീലമായതും അതിർത്തി കടന്ന് എളുപ്പം കൃഷിയിടത്തിലെത്താമെന്നതും ആനകളുടെ വരവ് കൂട്ടി. ജല ലഭ്യതക്കുറവും മേച്ചിൽപ്പുറങ്ങളുടെ കുറവും വനത്തിനകത്ത് കണ്ടുവരുന്നുണ്ട്. മലമ്പുഴയിൽ ഉൾപ്പെടെ ആനകളെത്തുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന് ഭക്ഷണമാണ്. കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേന്ത്രവാഴയുടെ വിപണി കണ്ട് വ്യാപകമായി കൃഷിയിറക്കിയ കർഷകർക്ക് പലർക്കും ഇക്കുറി കനത്ത നഷ്ടമാണുണ്ടായത്. വിപണിയിൽ വില കൂപ്പുകുത്തിയതോടെ വായ്പയെടുത്ത് കൃഷിയിറക്കിയ പലരും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. സർക്കാർ തലത്തിൽ കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചിട്ടും നെല്ലടക്കമുള്ള വിളകൾ നേരിടുന്ന വിലത്തകർച്ച നിരാശപ്പെടുത്തുന്നതാണെന്ന് നെൽകർഷകൻ കൂടിയായ മണി പറയുന്നു.
വൈകിയെത്തുന്ന മഴയും കനത്ത വെള്ളക്കെട്ടും കടുത്ത വരൾച്ചയും നിത്യസംഭവങ്ങളായതോടെ ഭാവിക്ക് മുന്നിൽ ചോദ്യചിഹ്നങ്ങളായവരിൽ നെൽകർഷകർ മുതൽ തോട്ടമുടമകൾ വരെയുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കനത്ത മഴയിൽ നശിച്ച വാഴകൃഷിക്കായി കടം വാങ്ങിയ പണം ഇതുവരെയും കൊടുത്ത് തീർക്കാനായിട്ടില്ലെന്ന് നെന്മാറ സ്വദേശി അലക്സ് പറഞ്ഞു.
കല്ലടിക്കോട് മേഖലയിൽ നിന്നുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് നല്ലയിനം കപ്പയും മരച്ചീനിയും നേന്ത്രവാഴയും കയറ്റിപ്പോവുന്നതെന്നിരിക്കെ കാലാവസ്ഥവ്യതിയാനവും വന്യമൃഗശല്യവുംമൂലം ഇത്തവണ കല്ലടിക്കോടൻ വിളകളിലും ഗണ്യമായ കുറവാണുണ്ടാക്കിയത്.
മലയോര മേഖലകളിലെ വനാതിർത്തികളിൽ ആനശല്യം തടയുന്നതിനായി ഫെൻസിങ് സംവിധാനമുണ്ടെങ്കിലും ഇതൊന്നും ഫലം കാണാത്ത സ്ഥിതിയാണ്. വി.എഫ്.പി.സി.കെയുടെ കീഴിലുള്ള സ്വാശ്രയ കർഷക സംഘങ്ങളിൽ മലയോര കർഷകർ പ്രതിവർഷം 1500 ടൺ പച്ചക്കറി നൽകിയിരുന്നിടത്ത് കഴിഞ്ഞ സീസണുകളിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ജില്ലക്ക് സമഗ്രമായ ഒരു കാർഷിക പാക്കേജിനായുള്ള ആവശ്യം ഉയർന്നുകേൾക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. വിവിധ കാലങ്ങളിൽ ജനപ്രതിനിധികളടക്കം വിഷയം ഉയർത്തിയിരുന്നുവെങ്കിലും കാര്യമായ നടപടികളൊന്നുമായില്ല. വിഷയം കഴിഞ്ഞ തെരഞ്ഞെടുപ്പിലും ചർച്ചയായിരുന്നു. കാർഷിക പാക്കേജ് നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായിടങ്ങളിൽ വനം വകുപ്പിെൻറ നേതൃത്വത്തിൽ കൊട്ടിഘോഷിച്ച് കാട്ടുപന്നികളെ വെടിവെച്ച് കൊന്നെങ്കിലും സേനാംഗങ്ങളുടെ കുറവും കാലാവധിയായ തോക്കിെൻറ ലൈസൻസ് പുതുക്കി ലഭിക്കാത്തതും തോക്കിെൻറ തിര അനുവദിക്കാത്തതുമെല്ലാം വെല്ലുവിളിയായതോടെ പദ്ധതി നിലച്ച മട്ടാണ്. അതത് പ്രദേശത്തെ ലൈസൻസുള്ള തോക്ക് ഉടമകൾ ഉൾപ്പെടെ ആളുകളെ ഉൾപ്പെടുത്തി എം പാനൽ തയാറാക്കിയെങ്കിലും രാവ് പുലരുവോളം വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അലയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം പേരും ഒഴിവായത്.
ഉള്ളവരിൽതന്നെ വർഷത്തിൽ ഒരാൾക്ക് ലഭിക്കുന്നത് പരമാവധി 200 തിര മാത്രമാണ്. ഒറ്റപ്പാലമടക്കം പല മേഖലകളിലും ഇതിനകം തന്നെ അനുവദിച്ച ബുള്ളറ്റ് അത്രയും തീർന്ന അവസ്ഥയിലാണ്. ഒരു പന്നിക്ക് ഒന്നിലേറെ ബുള്ളറ്റ് ആവശ്യമായി വരുന്നതിനാൽ വേട്ടക്കിറങ്ങുമ്പോൾ ഉണ്ടകളുടെ എണ്ണം ക്ലിപ്തപ്പെടുത്താനും കഴിയാത്ത അവസ്ഥയുണ്ടെന്ന് തോക്ക് ലൈസൻസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.