വടക്കഞ്ചേരി: ഹോട്ടലുകളുടെ ലൈസൻസുകൾ പുതുക്കി നൽകാൻ പുതിയ വ്യവസ്ഥകൾ മുന്നോട്ടുവെച്ച് പഞ്ചായത്തുകൾ. ഏപ്രിൽ മാസം മുതൽ ഹോട്ടലുകൾ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയപ്പോഴാണ് പുതിയ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങൾ അപേക്ഷകൾ നിരസിക്കുന്നത്.
ലൈസൻസുകൾ പുതുക്കാനായി പുതുതായി മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതാണ് ഹോട്ടൽ വ്യവസായത്തിന് താഴിടുന്ന രീതിയിലേക്ക് എത്തിച്ചതെന്ന് ഹോട്ടലുടമയും ഹോട്ടൽ റെസ്റ്ററന്റ് അസോസിയേഷൻ മുൻ സംസ്ഥാന ഭാരവാഹിയും മുൻ ജില്ല പ്രസിഡന്റുമായ എ. മുഹമ്മദ് റാഫി പറഞ്ഞു.
20 സീറ്റുകൾ വരെയുള്ള വെള്ള കാറ്റഗറിയിൽ പെടുന്ന ഹോട്ടലുകളെ പി.സി.ബി സർട്ടിഫിക്കറ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പഞ്ചായത്തുകൾ ഇതൊന്നും പരിഗണിക്കാതെയാണ് അപേക്ഷകൾ നിരസിക്കുന്നത്. തദ്ദേശ സ്ഥാപന മേലധികാരികൾ പി.സി.ബി സർട്ടിഫിക്കറ്റ് നിബന്ധന ഇളവ് ചെയ്ത് ചെറുകിട ഹോട്ടലുകൾക്ക് ലൈസൻസുകൾ പുതുക്കി നൽകാനുള്ള ഉത്തരവ് നൽകണമെന്ന് ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് സി. സന്തോഷും ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ്, ഭക്ഷ്യ സുരക്ഷ വകുപ്പ് മാനദണ്ഡങ്ങൾ തുടങ്ങി ഒരുകൂട്ടം സർട്ടിഫിക്കറ്റുകളും ആയാണ് പഞ്ചായത്തിൽ ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിക്കുന്നത്. അപ്പോഴാണ് പി.സി.ബി സർട്ടിഫിക്കറ്റ് തുടങ്ങിയ പുതിയ വ്യവസ്ഥകളുമായി പഞ്ചായത്തുകൾ ലൈസൻസ് നിരസിക്കുന്നത്.
പഞ്ചായത്ത് ലൈസൻസ് ഉണ്ടെങ്കിലേ ഫുഡ് സേഫ്റ്റി ലൈസൻസ് എടുക്കാൻ കഴിയൂ എന്നിരിക്കെ, ലൈസൻസ് അപേക്ഷയോടൊപ്പം ഫുഡ് സേഫ്റ്റി ലൈസൻസ് കൂടി ഹാജരാക്കണമെന്ന വിരോധാഭാസം കൂടി പഞ്ചായത്തുകളുടെ ഭാഗത്തുന്നുണ്ടാവുണ്ടെന്ന് ഹോട്ടലുടമകൾ പറയുന്നു.
സംരംഭക രജിസ്ട്രേഷൻ പോലും ഇല്ലാതെ ആരംഭിക്കുന്ന തട്ടുകടകൾ, വാഹനങ്ങളിലെ ഭക്ഷണ വിൽപന ശാലകളും തടസ്സം കൂടാതെ പ്രവർത്തിക്കുന്ന നാട്ടിലാണ് പി.സി.ബിയുടെ പേരിൽ ഹോട്ടൽ വ്യവസായത്തെ തകർക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്നും പാകം ചെയ്യുന്നതിലും വിളമ്പുന്നതിലും സൂക്ഷിക്കുന്നതിലും വരെ പരിശോധന നടത്തുന്ന സ്ഥാപനത്തിലാണ് പി.സി.ബി സർട്ടിഫിക്കറ്റ് എന്ന പുതിയ നിബന്ധന കൂടി വരുന്നതെന്നുമാണ് ഹോട്ടലുടമയുടെ പരാതി.
സംരംഭങ്ങളെ ഒരുഭാഗത്ത് സർക്കാർ സ്വാഗതം ചെയ്യുകയും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏകജാലകം ഉൾപ്പെടെ നടപ്പാക്കുന്ന സ്ഥാനത്താണ് പുതിയ വ്യവസ്ഥകൾ വെച്ച് നിലവിലുള്ള സ്ഥാപനങ്ങളെ പൂട്ടാൻ പഞ്ചായത്തുകൾ വഴിയൊരുക്കുന്നത്. പി.സി.ബി സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ സ്വന്തമായി കെട്ടിടവും സ്ഥലസൗകര്യവും ഉള്ളവർക്കുമാത്രമേ അതിൽ നിഷ്കർഷിച്ച രീതിയിൽ അഴുക്കുവെള്ളവും ഭക്ഷ്യ അവശിഷ്ടവും എണ്ണ അവശിഷ്ടവും വേർതിരിച്ച് വെള്ളം ശുദ്ധീകരിച്ച് മണ്ണിനടിയിലേക്ക് ഇറക്കുന്ന രീതിയിൽ പ്ലാന്റ് സ്ഥാപിക്കാൻ കഴിയു.
ഇതിനുതന്നെ വിവിധ തലത്തിൽ ഹോട്ടലിലെ ഉപയോഗിച്ച വെള്ളം സംഭരിക്കാനും ശുദ്ധീകരിക്കാനുമായി നിരവധി മോട്ടോറുകളും മണ്ണിനടിയിലുള്ള സംഭരണികളും മറ്റുമായി അഞ്ച് ലക്ഷത്തോളം രൂപയുടെ ചിലവ് വരുന്ന പ്ലാന്റ് സ്ഥാപിക്കണമെന്ന് ചെറുകിട ഹോട്ടൽ ഉടമകളോട് പോലും തദ്ദേശസ്ഥാപനങ്ങൾ നിർദേശിക്കുന്നതിന്റെ പിന്നിലെ നിബന്ധനയാണ് സ്ഥാപന ഉടമകൾക്ക് മനസ്സിലാവാത്തത്.
ആരോഗ്യം, ഭക്ഷ്യസുരക്ഷ, ജി.എസ്.ടി തുടങ്ങി നിലവിൽ വിവിധ വകുപ്പുകളുടെ പരിശോധനക്ക് പുറമേ മലിനീകരണ നിയന്ത്രണ ബോർഡിനെ കൂടി ഹോട്ടൽ മേഖലയിലേക്ക് പരിശോധനക്കായി വഴിയൊരുക്കുന്ന നിർദേശമാണിത്. 20 ഇരിപ്പിടം മാത്ര മുള്ള ഹോട്ടലുകൾക്ക് പി.സി.ബി ലൈസൻസ് ആവശ്യമില്ലെന്നും മലിനീകരണ ബോർഡിന്റെ സൈറ്റിൽ കയറി ഇൻഡിമേഷൻ നൽകിയാൽ മതിയെന്നാണ് കേരള സംസ്ഥാന മലിനീകരണ ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ നല്ലപോലെ കമ്പ്യൂട്ടർ അറിവുള്ളവർക്ക് പോലും ചെയ്യാൻ കഴിയാത്തവിധതിൽ സങ്കീർണമായ സൈറ്റിന്റെ സംശയ ദൂരീകരത്തിനായി പി.സി.ബി ഉദ്യോഗസ്ഥരെ വിളിക്കുമ്പോൾ ഹെൽപ് ഡെസ്കിൽ വിളിക്കാൻ പറയുന്നു. ഹെൽപ് ഡെസ്കിൽ വിളിച്ചാൽ ഇന്ന് തിരക്കാണ് അടുത്തദിവസം വിളിക്കൂ എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും പരാതിയുണ്ട്. ഓഡിറ്റ് വിഭാഗം നിഷ്കർഷിക്കുന്നത് കൊണ്ടാണ് പി.സി.ബി ലൈസൻസ് നിർബന്ധിക്കുന്നതെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.