കോങ്ങാട്: കാത്തിരിപ്പിനൊടുവിൽ കോങ്ങാട് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം നിർമിക്കുന്നു. മൂന്നുവർഷം മുമ്പ് കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെ പെരിങ്ങോട്ട് സ്ഥിതിചെയ്യുന്ന കൈരളി ഓഡിറ്റോറിയം നവീകരിച്ചാണ് ഫയർസ്റ്റേഷന് ക്രമീകരണമൊരുക്കിയത്.
ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷവും എട്ടുമാസവും പിന്നിട്ടിട്ടും അഗ്നിരക്ഷാനിലയത്തിന് പശ്ചാത്തല സൗകര്യങ്ങളില്ലാത്തത് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് നിലയം ഓൺലൈനായി ഉദ്ഘാടനം ചെയ്തത്.
24 ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരുൾപ്പെടെ 37 ജീവനക്കാർ ആവശ്യമായ സ്ഥലത്ത് മതിയായ ജീവനക്കാരില്ലാത്തതും ഫയർ സ്റ്റേഷൻ പ്രവർത്തനത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ജീവനക്കാർക്ക് ആവശ്യമായ വിശ്രമ സൗകര്യങ്ങളില്ലാതെയാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്വന്തമായി കെട്ടിടം ഉയരുന്നതോടെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
പഞ്ചായത്തിന്റെ അധീനതയിലുള്ള മയിലമ്മ സ്മാരക വനത്തിനടുത്ത സ്ഥലം ആറ് വർഷം മുമ്പാണ് കോങ്ങാട് അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം നിർമിക്കാനായി കൈമാറിയത്. മണ്ണൂർ, മുണ്ടൂർ, കേരളശ്ശേരി, കോങ്ങാട്, കരിമ്പ, കാരാകുർശ്ശി, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, പൂക്കോട്ട്കാവ്, വെള്ളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകളാണ് കോങ്ങാട് അഗ്നിരക്ഷാനിലയത്തിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുക.
കോട്ടപ്പടിയിലെ സ്ഥലത്ത് ഫയർസ്റ്റേഷന് അനുവദിച്ച കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി തിങ്കളാഴ്ച രാവിലെ 11ന് കെ. ശാന്തകുമാരി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.