കോങ്ങാട്: മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ വാഹനാപകടങ്ങൾ ഒഴിയുന്നില്ല. രാത്രിയും പകലും അപകടങ്ങൾ തുടർക്കഥയാവുകയാണ്. ചല്ലിക്കൽ, പാറശ്ശേരി, കൊട്ടശ്ശേരി, അഴിയന്നൂർ 16ാം മൈൽ എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറെയും. അഴിയന്നൂരിൽ കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ് 18 പേർക്കാണ് പരിക്കേറ്റത്. ദിവസങ്ങൾക്ക് മുൻപ് പാറശ്ശേരിക്കും കൊട്ടശ്ശേരിക്കും ഇടയിൽ സ്വകാര്യ ബസ് മറിഞ്ഞ് 33 പേർക്ക് പരിക്കേറ്റിരുന്നു.
ഒന്നിലധികം വളവുകളാണ് ഈ സംസ്ഥാന പാതയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത. റോഡ് നവീകരിച്ചിട്ടും പലയിടങ്ങളിലും പാതക്ക് വീതി കുറവെന്ന പരാതി ബാക്കിയാണ്. അശ്രദ്ധ, അമിതവേഗത, റോഡിനെപ്പറ്റിയുള്ള അപരിചിതത്വം, മത്സരപ്പാച്ചിൽ എന്നീ ഘടകങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നു. നിരവധി ഉൾനാടൻ പാതകളുമായി ഇഴചേർന്ന് നിൽക്കുന്ന പ്രധാന റോഡ് കൂടിയാണിത്. ഈ മേഖലയിൽ മാത്രം ഇത്തരത്തിൽ രണ്ട് ഡെസനിൽപരം കവലകളുണ്ട്.
അപകടം പതിവായ സ്ഥലങ്ങളിലും വളവുകളിലും അടയാള ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുകയും വാഹന പരിശോധന കർശനമാക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്. വഴിവിളക്കുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അവ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വാഹനാപകടത്തിനിരയായി മരിക്കുന്ന ഇരുചക്രവാഹനയാത്രക്കാരുടെ എണ്ണത്തിലും വർധനവുണ്ട്. പ്രതിവർഷം എട്ടിലധികം പേരുടെ ജീവൻ ഈ റോഡിൽ പൊലിയുന്നെന്നാണ് കണക്ക്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.